Friday, May 22, 2026
Home » തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; ലഭിച്ചത് 101 വോട്ടുകൾ
തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; ലഭിച്ചത് 101 വോട്ടുകൾ

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; ലഭിച്ചത് 101 വോട്ടുകൾ

by Editor

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി മുതിർന്ന കോൺഗ്രസ് അംഗവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ തിരഞ്ഞെടുത്തു. 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. തിരുവഞ്ചൂർ രാധാകൃഷ്‌ണന് 101 വോട്ടും എൽഡിഎഫിൽനിന്നുള്ള എ.സി.മൊയ്തീന് 35 വോട്ടും എൻഡിഎയിൽനിന്നുള്ള ചാത്തന്നൂർ എംഎൽഎ ബി.ബി.ഗോപകുമാറിന് മൂന്നു വോട്ടും ലഭിച്ചു. പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.

മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് തിരുവഞ്ചൂരിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു. 25ാമത്തെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. വലിയ സന്തോഷമുണ്ട്. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഏറ്റവും നിര്‍ണായകമായ ചുമതലയാണ് പാര്‍ട്ടി ഏല്‍പിച്ചിരിക്കുന്നതെന്നും അതില്‍ നൂറു ശതമാനം സംതൃപ്തിയുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

പതിനാറാം നിയമസഭയുടെ നാഥനായി തിരഞ്ഞെടുക്കപ്പെട്ട കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോൺഗ്രസിൻ്റെ മുതിർന്ന നേതാവും മികച്ച സംഘാടകനും ആണ്. ബാലജനസഖ്യം, കെഎസ്‌യു, യൂത്ത് കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. 1967-ൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേകൊല്ലം തന്നെ സംഘടയുടെ പ്രസിഡന്റുമായി. 1978-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തെത്തി. 1984 മുതൽ 2001 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. 1991-ൽ അടൂർ മണ്ഡലത്തിൽനിന്നാണ് ആദ്യം സഭയിലെത്തിയത്. 2006-വരെ അടൂരിന്റെ സ്വന്തം എംഎൽഎ. തുടർന്ന് അടൂർ സംവരണ മണ്ഡലമായതോടെ കോട്ടയത്തേക്ക്. 2011 മുതൽ മുതൽ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ കോട്ടയത്ത് നിന്ന് മികച്ചവിജയം നേടി. 2004-ലാണ് തിരുവഞ്ചൂർ ആദ്യമായി മന്ത്രിപദത്തിലെത്തുന്നത്.  2004, 2011 ഉമ്മൻചാണ്ടി മന്ത്രിസഭകകളിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ ഒന്നിനാണ്. ഭരണപക്ഷത്തുനിന്നു ഷാനിമോള്‍ ഉസ്മാനാണു സ്ഥാനാര്‍ഥി. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല.

Send your news and Advertisements

You may also like

error: Content is protected !!