Monday, October 5, 2026
Home » ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമം തന്നെയെന്ന് യുഎഇ; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം.
ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമം തന്നെയെന്ന് യുഎഇ; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം.

ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമം തന്നെയെന്ന് യുഎഇ; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം.

by Editor

അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിൽ (Flight FZ1073) ഉണ്ടായത് ഭീകരപ്രവർത്തന ശ്രമം (Terrorist Attack Attempt) തന്നെയെന്ന് യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇ അറ്റോർണി ജനറലും (ഫെഡറൽ പ്രോസിക്യൂട്ടർ കൗൺസിലർ) ആയ ഡോ. ഹമദ് സൈഫ് അൽ ഷംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി, കോക്പിറ്റിൽ വെച്ച് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന പ്രത്യേക തരം മഴു (Crash Axe) ഉപയോഗിച്ച് പ്രധാന പൈലറ്റായ ഇന്ത്യൻ സ്വദേശി ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം പൂർണ്ണമായി പിടിച്ചെടുക്കാനും വിമാനം തകർക്കാനുമായിരുന്നു ഇയാളുടെ ശ്രമം.

മാരകമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ സ്മിത് മച്ചാർ കാണിച്ച ധീരതയും, കോക്പിറ്റ് വാതിൽ തുറന്നതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരും യാത്രക്കാരും ചേർന്ന് അക്രമിയെ കീഴ്പ്പെടുത്തിയതുമാണ് വൻ ദുരന്തം ഒഴിവാക്കിയത്. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയും ചെയ്തു.

സംഭവത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യങ്ങളെക്കുറിച്ചും ഇതിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. വിമാനത്തിലെ സാങ്കേതിക പരിശോധനകളും ഡിജിറ്റൽ, ഭൗതിക തെളിവുകളുടെ വിശകലനവും നടന്നുവരികയാണ്. അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.

ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം.

ഫ്ലൈ ദുബായ് വിമാനത്തിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ (Captain Smit Machchhar) യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിൽ നേരിട്ടെത്തി ആദരിച്ചു. അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഒക്ടോബർ 3-നാണ് ഷെയ്ഖ് ഹംദാൻ സന്ദർശിച്ചത്.

സ്മിത് മച്ചാറിന്റെ അസാമാന്യ ധീരതയോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ നെറ്റിയിൽ ഷെയ്ഖ് ഹംദാൻ സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. യുഎഇ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പൂർണ്ണമായ നന്ദിയും അഭിനന്ദനവും അദ്ദേഹം ക്യാപ്റ്റനെ അറിയിച്ചു.

“ധൈര്യത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും മനുഷ്യജീവനോടുള്ള കരുതലിന്റെയും ഏറ്റവും ഉയർന്ന മാതൃകയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഞങ്ങളുടെ ടീമിന്റെയും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കാരുണ്യത്തിന്റെയും സമാധാനത്തിന്റെയും ജീവന്റെയും നാടായ യുഎഇ എന്താണോ പ്രതിനിധീകരിക്കുന്നത്, അതുതന്നെയാണ് അദ്ദേഹവും ചെയ്തത്,” എന്ന് ഷെയ്ഖ് ഹംദാൻ തന്റെ ഔദ്യോഗിക എക്സ് (X) പേജിൽ കുറിച്ചു

ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം; കോ-പൈലറ്റിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.

Send your news and Advertisements

You may also like

error: Content is protected !!