ന്യൂ ഡൽഹി: അതിർത്തി കടന്നുള്ള നിരന്തരമായ നുഴഞ്ഞുകയറ്റ ശ്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യ പാക്കിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി കർശന താക്കീത് നൽകി. ന്യൂഡൽഹിയിലെ വിദേശകാര്യ മന്ത്രാലയമാണ് പാക് ഉദ്യോഗസ്ഥനെ നേരിട്ട് വിളിപ്പിച്ച് രാജ്യത്തിന്റെ കടുത്ത വിയോജിപ്പ് അറിയിച്ചത്. നുഴഞ്ഞുകയറ്റം തടയാൻ പാക്കിസ്ഥാൻ നടപടി സ്വീകരിക്കണം. താക്കീതുകൾ തുടർച്ചയായി അവഗണിച്ചത് കൊണ്ടാണ് നുഴഞ്ഞു കയറാൻ നോക്കിയവരെ നേരിടേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
പഞ്ചാബിലെ ഫിറോസ്‌പൂർ/താരൻ താരൻ രാജ്യാന്തര അതിർത്തി വഴി മൂന്ന് പേർ ഇന്ത്യൻ പരിധിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചു. അതിർത്തി രക്ഷാസേന (BSF) പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് മുന്നോട്ട് നീങ്ങിയതിനെ തുടർന്ന് സേന നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പ്രകോപനമില്ലാതെയാണ് ഇന്ത്യ വെടിവെപ്പ് നടത്തിയതെന്ന പാക്കിസ്ഥാന്റെ ആരോപണങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പൂർണ്ണമായി തള്ളി. അതിർത്തി കടന്ന് എത്തിയത് മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങളാണെന്നും (നാർക്കോട്ടിക് സിൻഡിക്കേറ്റ്) സുരക്ഷാ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് സൈന്യത്തിന് നടപടിയെടുക്കേണ്ടി വന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
ഇത്തരം അനധികൃത നുഴഞ്ഞുകയറ്റങ്ങൾക്കും ലഹരിമരുന്ന് കടത്തുകൾക്കും പാക്കിസ്ഥാൻ അതിർത്തി രക്ഷാ സേനയുടെ (പാക്കിസ്ഥാൻ റേഞ്ചേഴ്‌സ്) പിന്തുണയും ഒത്താശയും ലഭിക്കുന്നുണ്ടെന്ന ഗുരുതര ആശങ്ക ഇന്ത്യ പങ്കുവെച്ചു. അതിർത്തിയിലെ ലഹരിമരുന്ന് കടത്തിനെക്കുറിച്ചും അതിൽ പാക് അതിർത്തി സേനയ്ക്കുള്ള പങ്കിനെക്കുറിച്ചും പാക്കിസ്ഥാൻ സർക്കാർ ഉടൻ സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

