Tuesday, May 26, 2026
Home » ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിയ്ക്ക് പകരം ലോക്‌സഭാ സ്‌പീക്കർ പങ്കെടുക്കും.
ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിയ്ക്ക് പകരം ലോക്‌സഭാ സ്‌പീക്കർ പങ്കെടുക്കും.

ബംഗ്ലാദേശിൽ താരിഖ് റഹ്മാൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച; നരേന്ദ്ര മോദിയ്ക്ക് പകരം ലോക്‌സഭാ സ്‌പീക്കർ പങ്കെടുക്കും.

by Editor

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർമാൻ താരീഖ് റഹ്‌മാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ലോക്‌സഭാ സ്പീക്കർ ഓം ബിർല ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 17 ന് മുംബൈയിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച നടക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതിനിധിയായി സ്‌പീക്കറെ നിയോഗിച്ചത്.

ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിഎൻപി നേതൃത്വം ക്ഷണിച്ചിരുന്നെങ്കിലും മുൻകൂട്ടി നിശ്ചയിച്ച ഔദ്യോഗിക പരിപാടികൾ ഉള്ളതിനാൽ നരേന്ദ്ര മോദിയ്ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യൽ എത്തും. ഫെബ്രുവരി 17 ന് മക്രോൺ മുംബൈയിൽ വെച്ച് മോദിയുമായി കൂടിക്കാഴ്‌ച നടത്തും.

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ആഴത്തിലുള്ള സൗഹൃദവും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും അടിവരയിടുന്നതാണ് സ്‌പീക്കറുടെ സാന്നിധ്യമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. താരീഖ് റഹ്‌മാൻ്റെ നേതൃത്വത്തിൽ ബംഗ്ലാദേശ് ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് മാറുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അടുത്തിടെ നടന്ന പൊതു തിരഞ്ഞെടുപ്പിൽ 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടി വൻ ഭൂരിപക്ഷത്തോടെയാണ് ബിഎൻപി അധികാരം പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ താരീഖ് റഹ്‌മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച ആദ്യ രാഷ്ട്ര തലവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഷെയ്ഖ് ഹസീന സർക്കാരിൻ്റെ പതനത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾ പരിഹരിക്കാനുള്ള സുപ്രധാന നീക്കമായാണ് ഈ നയതന്ത്ര ഇടപെടൽ വിലയിരുത്തപ്പെടുന്നത്.

ഫെബ്രുവരി 17 വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. ചൈന, സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി, യു.എ.ഇ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പുതിയ സർക്കാരുമായി സഹകരിച്ച് മേഖലയിലെ സമാധാനവും പുരോഗതിയും ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്ന ഇന്ത്യയോട് എങ്ങനെയായിരിക്കും താരിഖ് റഹ്‌മാൻ സ്വീകരിക്കുന്ന നിലപാടെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ‘ബംഗ്ലാദേശ് ഫസ്റ്റ്’ എന്നതാകും തന്റെ നയമെന്നും അതിനനുസരിച്ചാകും പാക്കിസ്ഥാനും, ഇന്ത്യയുമടക്കം രാജ്യങ്ങളുമായുള്ള ബന്ധമെന്നും താരിഖ് റഹ്‌മാന്‍ വ്യക്തമാക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!