മയാമി: സാക്കയുടെ ഹാട്രിക്കും എംബാപ്പെയുടെ ഡബിളും കണ്ട ആവേശപ്പോരാട്ടത്തിൽ ഫ്രാൻസിനെ തകർത്ത് ഇംഗ്ലണ്ട് 2026 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി. മൈതാനത്തെ യുദ്ധക്കളമാക്കി മാറ്റിയ പത്ത് ഗോളുകൾ പിറന്ന ക്ലാസിക് പോരാട്ടം. നാലിനെതിരെ ആറ് ഗോളുകൾക്കാണ് ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസിനെ ഇംഗ്ലണ്ട് തകർത്തത്. ഇംഗ്ലണ്ടിനായി ബുക്കായോ സാക്ക ഹാട്രിക് നേടി. ഇരട്ട ഗോളുകൾ നേടി കിലിയാൻ എംബാപ്പെ ഗോൾഡൻ ബൂട്ട് റേസിൽ മെസ്സിയെ മറികടന്ന് മുന്നിലെത്തി.
ആദ്യ പകുതിയിൽ ഫ്രാൻസിന്റെ കോട്ടകളെ തച്ചുതകർത്ത് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത് നാല് ഗോളുകൾ. ഡെക്ലാൻ റൈസും, എസ്രി കോൻസയും, ബുക്കായോ സാക്കയും ചേർന്ന് ഫ്രഞ്ച് വലകളിളക്കി. എന്നാൽ രണ്ടാം പകുതിയിൽ ഫ്രഞ്ച് പട സട കുടഞ്ഞെഴുന്നേറ്റു. 48-ാം മിനിറ്റിലും 66-ാം മിനിറ്റിലും കിലിയൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 54-ാം മിനിറ്റിൽ ബർക്കോളയും വലകുലുക്കിയതോടെ സ്കോർ 4-3. പിന്നാലെ ലഭിച്ച പെനാൽറ്റി ഗോളാക്കി ഇംഗ്ലണ്ട് വീണ്ടും ലീഡുയർത്തിയെങ്കിലും അധിക സമയത്ത് ഫ്രാൻസ് തിരിച്ചടിച്ചു. അവസാന മിനിറ്റിൽ വീണ്ടും ഗോൾവല ചലിപ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
തോറ്റെങ്കിലും രണ്ട് ഗോളടിച്ച ഫ്രഞ്ച് താരം എംബപെ, ലയണൽ മെസ്സിയെ (21 ഗോൾ) മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരനായി (22 ഗോൾ). ഈ ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടത്തിലും എംബപെ (10 ഗോളുകൾ) മുന്നിലെത്തി. എട്ടു ഗോൾ നേടിയ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.

