Sunday, July 19, 2026
Home » ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം
ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം

ആറന്മുള ഒരുങ്ങി, വള്ളസദ്യക്ക് ഇന്ന് തുടക്കം

by Editor

കോഴഞ്ചേരി: ചരിത്രപ്രസിദ്ധമായ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയ്ക്ക് ഇന്ന് തുടക്കമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ സഹായത്തോടെ 56 ദിവസം നീളുന്ന വഴിപാട് വള്ളസദ്യയ്ക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം ഒരുങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ വള്ളസദ്യയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

ഉച്ചപൂജക്കുശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽനിന്ന് മേൽശാന്തി പള്ളിയോട സേവാസംഘം ഭാരവാഹികൾക്ക് കൊടിമരച്ചുവട്ടിൽ ദീപം കൈമാറും. തുടർന്ന് ആനക്കൊട്ടിലിൽ ദീപം കൊളുത്തി ഇലയിൽ വിഭവങ്ങൾ വിളമ്പുന്നതോടെ സദ്യക്ക് തുടക്കമാകും. പിന്നീട് സദ്യാലയങ്ങളിൽ വിഭവങ്ങൾ വിളമ്പി വള്ളസദ്യ ആരംഭിക്കും. ആദ്യദിവസം കീഴ്ച്ചേരിമേൽ, തെക്കേമുറി, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി, മല്ലപ്പുഴശ്ശേരി, പൂവത്തൂർ പടിഞ്ഞാറ്, തെക്കേമുറികിഴക്ക്, മേലുകര, ഇടശ്ശേരിമല, ചെറുകോൽ എന്നീ പത്ത് പള്ളിയോടങ്ങൾ വള്ളസദ്യയിൽ പങ്കെടുക്കും.

ഭക്തർ വഴിപാടായി സമർപ്പിക്കുന്ന വള്ളസദ്യക്ക് ഇത്തവണ വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ 502 വള്ളസദ്യകളാണ് ഭക്തർ ബുക്ക് ചെയ്തിട്ടുള്ളത്. സെപ്റ്റംബർ 16 വരെ നീളുന്ന വള്ളസദ്യയിൽ, ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങൾ വഴിപാട് അനുസരിച്ച് ഓരോ ദിവസങ്ങളിലായി പങ്കെടുക്കും. വഴിപാട് കഴിക്കുന്നവർക്ക് പുറമെ സാധാരണക്കാർക്കും വള്ളസദ്യയിൽ പങ്കെടുക്കാൻ ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഓൺലൈൻ വഴിയും അല്ലാതെയും ലഭ്യമാകുന്ന സ്പെഷ്യൽ പാസുകൾ മുഖേന വഴിപാടുകാരല്ലാത്ത ഭക്തർക്കും വള്ളസദ്യയിൽ പങ്കുചേരാവുന്നതാണ്.

ശനി രാവിലെ വള്ളസദ്യക്കുള്ള പാചകപുരയിൽ അഗ്നിപകർന്നു. രാവിലെ 8.30-ന് ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കിൽ നിന്ന് പകർന്ന ദീപം ക്ഷേത്രം മേൽശാന്തി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ വി സാംബ ദേവന് കൊടിമരച്ചുവട്ടിൽ കൈമാറി. വഞ്ചിപ്പാട്ടിൻ്റെ അകമ്പടിയോടെ പ്രധാന പാചകപ്പുരയിലെത്തി അവിടെ നിലവിളക്കിൽ സെക്രട്ടറി പ്രസാദ് ആനന്ദഭവൻ ദീപം പകർന്നു. തുടർന്ന് മുതിർന്ന പാചകക്കാരൻ ഗോപാലകൃഷ്ണൻ നായർ അടുപ്പിൽ അഗ്നി തെളിയിച്ചു.

വള്ളപ്പാട്ടിന്റെ ഈണത്തിൽ പള്ളിയോടങ്ങളിൽ എത്തുന്ന തുഴച്ചിൽക്കാരെ (വള്ളക്കാരെ) ഭഗവാന്റെ പ്രതിരൂപങ്ങളായി കണ്ടാണ് ഭക്തർ സദ്യ നൽകി സ്വീകരിക്കുന്നത്. വഞ്ചപ്പാട്ടുകളിലൂടെ തുഴച്ചിൽക്കാർ ചോദിക്കുന്ന വിഭവങ്ങൾ ഒട്ടും മടി കൂടാതെ വിളമ്പണം എന്നത് വള്ളസദ്യയുടെ പ്രധാന ആചാരമാണ്. ഔഷധഗുണമുള്ള 64-ലധികം പരമ്പരാഗത വിഭവങ്ങളാണ് വള്ളസദ്യയ്ക്ക് സാധാരണയായി വിളമ്പാറുള്ളത്.

ആറന്മുള വള്ളസദ്യ: ഐതിഹ്യവും ചരിത്രവും

ആറന്മുള ക്ഷേത്രത്തിലേക്ക് ആവശ്യമായ വിഭവങ്ങൾ എത്തിച്ചിരുന്ന കാട്ടൂർ മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരിയുമായി ബന്ധപ്പെട്ടതാണ് വള്ളസദ്യയുടെ ചരിത്രം. ഒരു തിരുവോണ നാളിൽ തനിക്ക് ആർക്കെങ്കിലും ഓണസദ്യ നൽകണം എന്ന് ഭട്ടതിരി ആഗ്രഹിച്ചു. എന്നാൽ ആരും വരാതിരുന്നതിനെ തുടർന്ന് അദ്ദേഹം സങ്കടത്തോടെ ഭഗവാനെ പ്രാർത്ഥിച്ചു.

ആ സമയത്ത് സുന്ദരനായ ഒരു ബാലൻ അവിടെയെത്തുകയും ഭട്ടതിരി നൽകിയ സദ്യ അതീവ സന്തുഷ്ടിയോടെ കഴിക്കുകയും ചെയ്തു. പോകുന്നതിന് മുൻപ്, അടുത്ത വർഷം മുതൽ ഓണസദ്യക്കുള്ള വിഭവങ്ങൾ ആറന്മുള ക്ഷേത്രത്തിൽ എത്തിക്കാൻ ബാലൻ ഭട്ടതിരിയോട് ആവശ്യപ്പെട്ടു. ആ ബാലൻ മറ്റാരുമല്ല, സാക്ഷാൽ ആറന്മുളയപ്പൻ (ശ്രീകൃഷ്ണൻ) ആയിരുന്നു എന്ന് ഭട്ടതിരി തിരിച്ചറിഞ്ഞു. ഭഗവാന്റെ നിർദ്ദേശപ്രകാരം അടുത്ത വർഷം ഭട്ടതിരി വിഭവങ്ങളുമായി വഞ്ചിയിൽ (തിരുവോണത്തോണിയിൽ) പുറപ്പെട്ടു. എന്നാൽ വഴിമധ്യേ കാട്ടുകള്ളന്മാർ ഈ വഞ്ചി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചുറ്റുമുള്ള കരക്കാർ (ഗ്രാമവാസികൾ), തങ്ങളുടെ വലിയ പള്ളിയോടങ്ങളിൽ (ചുണ്ടൻ വള്ളങ്ങളിൽ) വന്ന് തിരുവോണത്തോണിക്ക് അകമ്പടിയും സംരക്ഷണവും നൽകി ആറന്മുളയിൽ എത്തിച്ചു.

തനിക്ക് സുരക്ഷിതമായി വരാൻ തുണച്ച പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാർക്ക് ഭട്ടതിരി ക്ഷേത്രത്തിൽ വെച്ച് വലിയൊരു സദ്യ നൽകി. ഭഗവാന്റെ സാന്നിധ്യത്തിൽ നടന്ന ഈ വിരുന്നാണ് പിൽക്കാലത്ത് ഭക്തർ വഴിപാടായി നടത്തുന്ന പ്രസിദ്ധമായ ‘ആറന്മുള വള്ളസദ്യ‘യായി മാറിയത്.

വള്ളസദ്യയുടെ ഏറ്റവും ആകർഷകമായ വശം വള്ളക്കാർ വിഭവങ്ങൾ ചോദിക്കുന്ന രീതിയാണ്. സാധാരണയായി സദ്യ വട്ടങ്ങൾ ചോദിക്കുകയല്ല, മറിച്ച് വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ശ്ലോകങ്ങളായി പാടിയാണ് അവർ വിഭവങ്ങൾ ചോദിച്ചു വാങ്ങുന്നത്. വിളമ്പുന്നവർ പാട്ടിന്റെ അർത്ഥം മനസ്സിലാക്കി അത് ഉടനടി ഇലയിൽ എത്തിക്കണം എന്നാണ് നിയമം.

Send your news and Advertisements

You may also like

error: Content is protected !!