അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും എട്ട് പേർ കൊല്ലപ്പെടുകയും പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാമോള്‍ഗത്രാദ് റോഡിന് സമീപത്തെ തുറസായ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റിലായിരുന്നു അപകടം.
സ്‌ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ തീപിടിത്തം അഗ്‌നിശമനസേന നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. സംഭവസ്ഥലത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘവും മറ്റ് അന്വേഷണ ഏജന്‍സികളും പരിശോധന നടത്തി വരികയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യ, സ്‌ഫോടകവസ്തു നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
സ്ഫോടനത്തിനു പിന്നാലെ അഹമ്മദാബാദ് മുൻസിപ്പൽ കോർപറേഷൻ (എഎംസി) കമ്മിഷണർ, മേയർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ സംഭവസ്‌ഥലം സന്ദർശിച്ചു. പ്രാഥമിക അന്വേഷണത്തിൽ പടക്ക നിർമാണ യൂണിറ്റ് യാതൊരുവിധ അനുമതികളുമില്ലാതെ അനധികൃതമായാണ് പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് സ്‌ഥിരീകരിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ വീതവും, പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

