Friday, May 29, 2026
Home » റഷ്യ യുക്രെയ്ൻ യുദ്ധം നാലു വർഷം പൂർത്തിയാകുന്നു; പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടെന്ന് വൊളോഡിമിർ സെലെൻസ്‌കി.
റഷ്യ യുക്രൈൻ യുദ്ധം

റഷ്യ യുക്രെയ്ൻ യുദ്ധം നാലു വർഷം പൂർത്തിയാകുന്നു; പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടെന്ന് വൊളോഡിമിർ സെലെൻസ്‌കി.

by Editor

കീവ്: 2022 ഫെബ്രുവരി 24-ന് ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധം ഇന്ന് (2026 ഫെബ്രുവരി 24) നാല് വർഷം പൂർത്തിയാക്കുന്നു. നാല് വർഷം പിന്നിടുമ്പോഴും യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇരുപക്ഷത്തുമായി ലക്ഷക്കണക്കിന് സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധം ലക്ഷക്കണക്കിന് യുക്രെയ്ൻ പൗരന്മാരെ അഭയാർഥികളാക്കി മാറ്റുകയും യൂറോപ്പിലെമ്പാടും വലിയൊരു മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ കുടിയേറ്റത്തിനാണ് ഈ യുദ്ധം കാരണമായത്. ഏകദേശം 5.9 ദശലക്ഷം യുക്രെയ്ൻ പൗരന്മാർ വിദേശ രാജ്യങ്ങളിൽ അഭയാർത്ഥികളായി കഴിയുന്നു, 3.7 ദശലക്ഷം പേർ രാജ്യത്തിനകത്ത് തന്നെ വീടുപേക്ഷിച്ച് മാറാൻ നിർബന്ധിതരായി. യുക്രെയ്‌നിന്റെ ഏകദേശം 20 ശതമാനം ഭാഗം (ക്രിമിയയും ഡോൺബാസും ഉൾപ്പെടെ) നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിൽ ഇപ്പോഴും കടുത്ത പോരാട്ടം തുടരുകയാണ്. യുക്രെയ്‌നിന്റെ പവർ ഗ്രിഡുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ മൂലം അതിശൈത്യത്തിനിടയിലും ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതിയും ചൂടും ഇല്ലാതെ കഷ്ടപ്പെടുകയാണ്.

അമേരിക്കയുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, വിട്ടുവീഴ്ചകൾക്ക് ഇരുപക്ഷവും തയ്യാറാകാത്തതിനാൽ ഉടൻ ഒരു വെടിനിർത്തലിന് സാധ്യത കുറവാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. അവസാനം 2026 ഫെബ്രുവരി 17-18 തീയതികളിൽ ജനീവയിൽ നടന്ന സമാധാന ചർച്ചകളും കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയിൽ അടുത്ത ഘട്ട ചർച്ചകൾ ഫെബ്രുവരി 26-27 തീയതികളിൽ നടന്നേക്കുമെന്ന് യുക്രെയ്ൻ സൂചിപ്പിച്ചിട്ടുണ്ട്.

അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ മൂന്നാം ലോകമഹായുദ്ധത്തിനു തുടക്കമിട്ടു കഴിഞ്ഞുവെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുക്രെയ്ൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ബിബിസിക്ക് (BBC) നൽകിയ അഭിമുഖത്തിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഇത്തരമൊരു ഗൗരവമേറിയ പ്രസ്താവന നടത്തിയത്. റഷ്യയുടെ ലക്ഷ്യം യുക്രെയ്ൻ മാത്രമല്ലെന്നും, യുക്രെയ്നെ കീഴടക്കിയാൽ പുട്ടിൻ അടുത്ത ലക്ഷ്യങ്ങളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കാഴ്ചപ്പാടിൽ നിന്നും വ്യത്യസ്തമാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു. യുഎസിൽ നിന്ന് കൃത്യമായ സുരക്ഷാ ഉറപ്പുകൾ താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും വൊളോഡിമിർ സെലെൻസ്‌കി പറഞ്ഞു.

ഡൊനെറ്റ്സ്‌ക്, ഖേർസൺ, സപ്പോറീഷ്യ മേഖലകളിലെ റഷ്യ പിടിച്ചടുക്കാത്ത ഭാഗങ്ങൾ വിട്ടുകൊടുക്കില്ലെന്നും വൊളോഡിമിർ സെലെൻസ്‌കി വ്യക്തമാക്കി. ഇത് കേവലം ഭൂമിയുടെ പ്രശ്‌നമല്ല. അവിടെ വസിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ ഉപേക്ഷിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിക്കും. തൻ്റെ കാലാവധി കഴിഞ്ഞെങ്കിലും സുരക്ഷിതമായ സാഹചര്യം ഒരുക്കാതെ പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നത് റഷ്യൻ ഇടപെടലുകൾക്ക് വഴിവയ്ക്കുമെന്നും സെലെൻസ്‌കി പറഞ്ഞു. പുട്ടിനെ ഇപ്പോൾ തടയുന്നതും യുക്രെയ്‌നിനെ സംരക്ഷിക്കുന്നതും ലോകത്തിന്റെ മുഴുവൻ വിജയമാണെന്ന് സെലെൻസ്‌കി വിശേഷിപ്പിച്ചു. ഇനി എത്രത്തോളം പ്രദേശം പിടിച്ചെടുക്കാൻ പുട്ടിന് സാധിക്കുമെന്നും അത് എങ്ങനെ തടയാമെന്നുമാണ് ലോകം ചിന്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Send your news and Advertisements

You may also like

error: Content is protected !!