ചെന്നൈ: തമിഴ്‌നാട്ടിൽ പുരപ്പുറ സോളാർ സ്ഥാപിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ആകെ സബ്‌സിഡി ഒരു ലക്ഷം രൂപ വരെയാക്കി ഉയർത്തി വിജയ് സർക്കാർ. തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലാണ് ഫിനാൻസ് മിനിസ്റ്റർ മരിയ വിൽസൺ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ ‘പിഎം സൂര്യ ഘർ: മുഫ്ത് ബിജ്ലി യോജന’ പദ്ധതിയുമായി ചേർത്താണ് സംസ്ഥാനത്തിന്റെ ഈ പുതിയ ടോപ്പ്-അപ്പ് സബ്‌സിഡി പദ്ധതി നടപ്പിലാക്കുന്നത്.
നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച്, അതിവേഗം ജനപ്രിയമായി മാറിയ പിഎം സൂര്യ ഘർ പദ്ധതി വഴി 3 കിലോവാട്ട് (3 kW) വരെയുള്ള സോളാർ സിസ്റ്റങ്ങൾക്ക് കേന്ദ്ര സർക്കാർ പരമാവധി ₹78,000 ആണ് സബ്‌സിഡി നൽകുന്നത്. ഇതിന് പുറമെ തമിഴ്‌നാട് സർക്കാർ ₹22,000 കൂടി അധികമായി നൽകും. ഇതോടെ തമിഴ്‌നാട്ടിലെ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ആകെ തുക ₹1,00,000 (ഒരു ലക്ഷം രൂപ) ആയി ഉയരും.
നിലവിൽ കേരളം, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്‌നാട്ടിൽ റൂഫ്‌ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകൾ കുറവാണ്. ഉപഭോക്താക്കളുടെ പ്രാരംഭ ചിലവുകൾ (Upfront costs) കുറച്ച് കൂടുതൽ വീടുകളെ സോളാറിലേക്ക് ആകർഷിക്കുകയാണ് പുതിയ വിജയ് സർക്കാരിന്റെ ലക്ഷ്യം. ബജറ്റിൽ ചെന്നൈയിലെ മുഴുവൻ ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 500 യൂണിറ്റ് വരെ ദ്വൈമാസ വൈദ്യുതി ഉപയോഗമുള്ള വീടുകൾക്ക് നൽകുന്ന സൗജന്യ വൈദ്യുതി 100 യൂണിറ്റിൽ നിന്നും 200 യൂണിറ്റായി ഉയർത്താനും തുക അനുവദിച്ചിട്ടുണ്ട്.
പിഎം സൂര്യ ഘർ പ്രകാരം പുരപ്പുറ സോളർ സ്‌ഥാപിച്ച കുടുംബങ്ങളുടെ എണ്ണം 50 കോടി കവിഞ്ഞെന്ന് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 50,66,195 കുടുംബങ്ങൾക്കായി 28,516.18 കോടി രൂപ സബ്‌സിഡിയും വിതരണം ചെയ്തു. പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന പ്രകാരം നിലവിൽ 3 വിഭാഗങ്ങളിലായാണ് ഉപഭോക്‌താക്കൾക്ക് സബ്‌സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്‌റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപവരെ.
കേരളത്തിൽ 3.24 ലക്ഷം കുടുംബങ്ങൾ പദ്ധതിപ്രകാരം ഇതിനകം 2101.22 കോടി രൂപ സബ്‌സിഡി നേടി. 1229.1 മെഗാവാട്ടാണ് പദ്ധതിയിൽ കേരളം കൈവരിച്ച ഉൽപാദനശേഷി. തമിഴ്‌നാട് പക്ഷേ കേരളത്തെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. 1.04 ലക്ഷം കുടുംബങ്ങളാണ് ഇതുവരെ തമിഴ്‌നാട്ടിൽ നിന്ന് പദ്ധതിയിൽ അംഗമായത്.

