തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും തീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സർക്കാർ നിർദേശങ്ങൾ പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. മലയോര പ്രദേശങ്ങളിലേക്കും നദീതീരങ്ങളിലേക്കും യാത്ര ഒഴിവാക്കണം. അപകടസാധ്യത മുൻനിർത്തി കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല.
മഴക്കെടുതിയിൽ 28 മരണം ഇതുവരെ റിപ്പോർട്ട് ചെയ്തു. നാലു പേരെ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. സംസ്ഥാനത്ത് 440 ക്യാംപുകളിലായി 41,773 പേർ കഴിയുന്നുണ്ട്. 70 വീടുകൾ പൂർണമായും 764 വീടുകൾ ഭാഗികമായും തകർന്നു. വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എ.പി.അനിൽകുമാർ കലക്ടർമാർക്കു നിർദേശം നൽകി. മഴയും വെള്ളപ്പൊക്കവും 36,829 കർഷകരെ ബാധിച്ചുവെന്ന് കൃഷി മന്ത്രി ടി.സിദ്ദിഖ് പറഞ്ഞു. 3264 ഹെക്ടർ കൃഷിയിടങ്ങൾക്ക് നാശമുണ്ടായി. 99.29 കോടിയുടെ വിളനാശമുണ്ടായി. കേന്ദ്രസർക്കാരിനോടു 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുവെന്നും സിദ്ദിഖ് പറഞ്ഞു.

