ന്യൂഡല്‍ഹി: മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിഷ്ഠ മുഖര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് നടത്തിയ പരാമര്‍ശം ദേശീയ രാഷ്‌ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തന ശൈലിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, അദ്ദേഹത്തെ ഇഷ്ടപ്പെടുകയോ വെറുക്കുകയോ ചെയ്യാം, പക്ഷേ ‘ബ്രാന്‍ഡ് മോദി‘ എന്ന രാഷ്‌ട്രീയ സ്വാധീനത്തെ ആര്‍ക്കും തള്ളിക്കളയാനാവില്ല എന്നാണ് ശര്‍മ്മിഷ്ഠ മുഖര്‍ജി എഴുതിയ പുതിയ ലേഖനത്തിലുള്ളത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ശക്തരായ പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്ര മോദിയെന്നും, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം നിഷേധിക്കാനാകില്ലെന്നും ശര്‍മ്മിഷ്ഠ സ്വകാര്യ മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദി പാര്‍ലമെന്റിന്റെ പടികള്‍ വണങ്ങിയ നിമിഷം ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളെ സ്പര്‍ശിച്ച വൈകാരിക മുഹൂര്‍ത്തമായിരുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രപതി ഭവനില്‍ നടന്ന കൂടിക്കാഴ്ചയ്‌ക്കിടെ പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും തമ്മിലുണ്ടായ സംഭാഷണവും ശര്‍മ്മിഷ്ഠ ലേഖനത്തില്‍ പങ്കുവെക്കുന്നു. ആ തിരഞ്ഞെടുപ്പിൻ്റെ ചരിത്രപ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രണബ് മുഖർജി, ‘ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച്, ആ വ്യക്തിയുടെ പേരിൽ ജനങ്ങൾ നേരിട്ട് വിധിയെഴുതിയ തിരഞ്ഞെടുപ്പായിരുന്നു 2014′ എന്നായിരുന്നു വിലയിരുത്തിയതെന്ന് ശർമ്മിഷ്‌ഠ പറയുന്നു.
ബിജെപിയുടെ വിജയത്തിന് ശക്തമായ സംഘടനാ സംവിധാനവും വിവിധ സമൂഹങ്ങളിലേക്കുള്ള സ്വാധീനവും തെറ്റുകൾ തിരുത്താനുള്ള രാഷ്ട്രീയ പക്വതയും കാരണമായിരുന്നുവെങ്കിലും, നരേന്ദ്ര മോദിയുടെ വ്യക്തിത്വമാണ് പാർട്ടിയുടെ ഏറ്റവും വലിയ ശക്തിയെന്ന് ശർമ്മിഷ്ഠ വിലയിരുത്തുന്നു. 2014-ലെ ഭൂരിപക്ഷ വിജയം ബിജെപിയുടേത് മാത്രമല്ല, മോദിയുടെ പേരില്‍ ലഭിച്ച ജനവിധിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
2014-ന് മുമ്പ് ദേശീയ രാഷ്‌ട്രീയത്തില്‍ പുതുമുഖമായിരുന്ന നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തന്നെ വ്യക്തമായ രാഷ്‌ട്രീയ സ്വാധീനം നേടിയിരുന്നുവെന്ന് ശര്‍മ്മിഷ്ഠ പറയുന്നു. 2019-ലും 2024-ലും ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ആ സ്വാധീനം വ്യക്തമായി പ്രകടമായിരുന്നു,’ എന്നാണ് ലേഖനത്തിലെ ശ്രദ്ധേയമായ പരാമര്‍ശം. രാഷ്‌ട്രീയപരമായി വ്യത്യസ്ത ചേരികളിലായിരുന്നെങ്കിലും പ്രണബ് മുഖര്‍ജിയും നരേന്ദ്ര മോദിയും തമ്മില്‍ പരസ്പര ബഹുമാനവും സൗഹൃദപരമായ ബന്ധവും നിലനിന്നിരുന്നുവെന്നും ശര്‍മ്മിഷ്ഠ ഓര്‍മ്മിപ്പിക്കുന്നു.

