Friday, May 29, 2026
Home » അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന് പാക് പ്രതിരോധ മന്ത്രി.
പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്

അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന് പാക് പ്രതിരോധ മന്ത്രി.

by Editor

ഇസ്ലമാബാദ്: അമേരിക്ക തങ്ങളെ ഉപയോഗിച്ചതിനു ശേഷം ടോയ്‌ലറ്റ് പേപ്പർ പോലെ വലിച്ചെറിഞ്ഞുവെന്ന പരാതിയുമായി പാക് പ്രതിരോധ മന്ത്രി. പാക്കിസ്ഥാൻ നാഷണൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇത്തരമൊരു പരാമർശം അദ്ദേഹം നടത്തിയത്. അമേരിക്ക തങ്ങളുടെ താൽപ്പര്യങ്ങൾക്കായി പാക്കിസ്ഥാനെ ഉപയോഗിച്ചുവെന്നും, ആവശ്യം കഴിഞ്ഞപ്പോൾ ‘ടോയ്‌ലറ്റ് പേപ്പർ’ പോലെ വലിച്ചെറിഞ്ഞുവെന്നുമാണ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആരോപിച്ചത്.

മുൻകാല ഏകാധിപതികളുടെ തെറ്റെന്നു പറഞ്ഞ് പാക്കിസ്ഥാൻ തങ്ങളുടെ തീവ്രവാദ ചരിത്രം പലപ്പോഴും നിഷേധിക്കാറുണ്ടെന്നും ആസിഫ് സമ്മതിച്ചു. രണ്ട് അഫ്ഗാൻ യുദ്ധങ്ങളിലെ പാക്കിസ്ഥാൻ്റെ ഇടപെടൽ തെറ്റായിരുന്നുവെന്നും പാക് പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി. ‘1999 ന് ശേഷമുള്ള യു.എസ് ബന്ധം രാജ്യത്ത് വലിയ തകരാറുകളുണ്ടാകുന്നതിന് കാരണമായി. പ്രത്യേകിച്ചും 2001 സെപ്തംബർ 11 ന് ശേഷം യു.എസുമായുണ്ടായ പുനസംഘടന വിനാശകരമായിരുന്നു. ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായാണ് യു.എസ് പാക്കിസ്ഥാനെ കണ്ടത്. ആവശ്യത്തിനുപയോഗിച്ചതിനുശേഷം വലിച്ചെറിഞ്ഞു’- പാക് പ്രതിരോധ മന്ത്രി പറഞ്ഞു.

2001-ന് ശേഷം അമേരിക്ക നയിച്ച അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ വീണ്ടും അമേരിക്കയുമായി സഖ്യത്തിലേർപ്പെട്ടു. ഇതോടെ താലിബാനുമായി ശത്രുതയിലായി. അമേരിക്ക ഒടുവിൽ ഈ മേഖലയിൽ നിന്ന് പിന്മാറിയെങ്കിലും ദീർഘകാല അക്രമം, തീവ്രവാദം, സാമ്പത്തിക സമ്മർദ്ദം എന്നിവയുമായി പാക്കിസ്ഥാൻ മല്ലിടുകയായിരുന്നു. ജിഹാദ് എന്ന പേരിലാണ് പാക്കിസ്ഥാനികളെ യുദ്ധത്തിനായി അയച്ചത്. ഇത് തെറ്റിദ്ധാരണകൾക്കും വലിയ നഷ്‌ടങ്ങൾക്കും കാരണമായി. നമ്മൾ ചരിത്രത്തെ നിഷേധിക്കുകയും തെറ്റുകൾ അംഗീകരിക്കാതിരിക്കുകയുമാണ് ചെയ്യുന്നത്. ഏകാധിപതികൾ പണ്ടു കാലങ്ങളിൽ ചെയ്‌ത തെറ്റുകളുടെ ഫലമായാണ് രാജ്യത്ത് തീവ്രവാദം ശക്തമായത്. നേരിട്ട നഷ്ടങ്ങൾ നികത്താനാകാത്തതാണ്. പാക്കിസ്ഥാൻ്റെ തെറ്റുകൾ തിരുത്താനാകാത്തവയാണെന്നും ഖ്വാജ ആസിഫ് വ്യക്തമാക്കി.

ഭീകരവിരുദ്ധ പോരാട്ടത്തിൽ അമേരിക്കയുടെ മുൻനിര സഖ്യകക്ഷിയായിരുന്ന പാക്കിസ്ഥാൻ, കാലാകാലങ്ങളായി തങ്ങൾ അവഗണിക്കപ്പെടുന്നു എന്ന പരാതി ഉന്നയിക്കാറുണ്ടെങ്കിലും ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുള്ള ഇത്രയും രൂക്ഷമായ പ്രതികരണം ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

അതിനിടെ പാക് അധീന കാശ്മീർ ഇന്ത്യയുടെ ഭാഗമായി അടയാളപ്പെടുത്തിയ ഭൂപടം അമേരിക്കൻ ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫീസ് നീക്കം ചെയ്‌തു. കഴിഞ്ഞ ആഴ്‌ച ഇന്ത്യയുമായി ഒപ്പിട്ട പുതിയ വ്യാപാര കരാർ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് പാക് അധീന കാശ്‌മീരും അക്‌സായ് ചിന്നും ഇന്ത്യയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ദശാബ്ദങ്ങളായി തുടരുന്ന അമേരിക്കയുടെ നയതന്ത്ര നിലപാടുകളിൽ നിന്നുള്ള വ്യതിചലനമായാണ് ഈ ഭൂപടം ആദ്യം വിലയിരുത്തപ്പെട്ടത്. സാധാരണയായി അമേരിക്കൻ ഭൂപടങ്ങളിൽ പാക് അധീന കാശ്മീരിനെ പ്രത്യേകമായാണ് അടയാളപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ തർക്ക പ്രദേശങ്ങളെല്ലാം ഇന്ത്യയുടെ അവിഭാജ്യ ഘടകമായി കാണിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

Send your news and Advertisements

You may also like

error: Content is protected !!