പ്രകൃതിയുടെ അനന്തമായ മടിത്തട്ടിൽ മനുഷ്യനോടൊപ്പം ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്ന സർവ്വചരാചരങ്ങൾക്കായി മാറ്റിവെച്ച പ്രത്യേക ദിനമാണ് ഒക്ടോബർ 4 – ലോക മൃഗ ദിനം (World Animal Day). കേവലം കലണ്ടറിലെ ഒരു തീയതി എന്നതിനപ്പുറം, ഭൂമിയുടെ ജൈവസന്തുലിതാവസ്ഥ നിലനിർത്തുന്ന സഹജീവികളോടുള്ള മനുഷ്യന്റെ ഉത്തരവാദിത്തവും കരുണയും ഓർമ്മിപ്പിക്കുന്ന ഒരു രാജ്യാന്തര ഓർമ്മപ്പെടുത്തലാണിത്.
ഈ ദിനത്തിന്റെ ഉത്ഭവത്തിന് പിന്നിൽ സ്നേഹത്തിന്റെയും അഹിംസയുടെയും പരിശുദ്ധമായ ഒരു ചരിത്രമുണ്ട്. പ്രകൃതിയിലെ ഓരോ ജീവജാലങ്ങളിലും ദൈവികത ദർശിക്കുകയും, പക്ഷികളെയും വന്യമൃഗങ്ങളെയും സ്വന്തം സഹോദരീസഹോദരന്മാരായി കാണുകയും ചെയ്ത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ (St. Francis of Assisi) തിരുനാൾ ദിനമാണ് ഒക്ടോബർ 4. ജീവജാലങ്ങളോട് അദ്ദേഹം പുലർത്തിയ അളവറ്റ കരുണയോടുള്ള ആദരസൂചകമായി ഈ ദിനം മൃഗക്ഷേമവുമായി ബന്ധപ്പെട്ടു.
1925-ൽ ജർമനിയിലെ ബെർലിനിൽ Heinrich Zimmermann സംഘടിപ്പിച്ച ആദ്യ World Animal Day-യിലൂടെ ഈ ആശയത്തിന് തുടക്കമായി. 1931-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ നടന്ന അന്താരാഷ്ട്ര മൃഗസംരക്ഷണ സംഘടനകളുടെ കോൺഗ്രസിൽ ഒക്ടോബർ 4 ലോക മൃഗദിനമായി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.
മനുഷ്യകേന്ദ്രീകൃതമായ ആധുനിക ലോകത്ത് ചൂഷണത്തിനും ആവാസവ്യവസ്ഥയുടെ നാശത്തിനും ഇരയാകുന്ന കോടിക്കണക്കിന് ജീവികളുടെ നിശ്ശബ്ദ നിലവിളികൾ കേൾക്കുക എന്നതാണ് ഈ ദിനം മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശങ്ങളിലൊന്ന്. കൺമുന്നിലെ കാടുകളും തണ്ണീർത്തടങ്ങളും ഇല്ലാതാകുമ്പോൾ, വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന അപൂർവ്വ വന്യജീവികൾ മുതൽ നമ്മുടെ വീടുകളുടെ ഉമ്മറത്ത് വാലാട്ടി നിൽക്കുന്ന വളർത്തുമൃഗങ്ങൾ വരെ മനുഷ്യന്റെ സ്നേഹവും സംരക്ഷണവും അർഹിക്കുന്നുണ്ട്.
മനുഷ്യന്റെ നിലനിൽപ്പ് പ്രകൃതിയുടെയും സകല ജീവജാലങ്ങളുടെയും നിലനിൽപ്പുമായി അവിഭാജ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. വന്യജീവി സംരക്ഷണം, ആവാസവ്യവസ്ഥകളുടെ വീണ്ടെടുപ്പ്, ജൈവവൈവിധ്യ സംരക്ഷണം എന്നിവ കേവലം ദയയുടെ വിഷയമല്ല; ഭൂമിയുടെ തന്നെ ജീവൻ നിലനിർത്താനുള്ള ഉത്തരവാദിത്തമാണ്. കാട്ടിലെ മുഴക്കങ്ങൾക്കും നാട്ടിലെ മൃഗങ്ങളുടെ മിഴികൾക്കും മുന്നിൽ അല്പനേരം മനസ്സുതുറക്കുക; അവയുടെ ജീവിതത്തെയും ക്ഷേമത്തെയും മാനിക്കുക. സഹജീവികളോട് കരുണ കാണിക്കുന്ന ഇടങ്ങളിൽ മാത്രമേ മനുഷ്യത്വവും അതിന്റെ പൂർണ്ണത പ്രാപിക്കൂ എന്ന നിത്യസത്യം ഒക്ടോബർ 4 നമ്മെ ഓർമ്മിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട രണ്ട് കുടുംബങ്ങളിലുണ്ടായ വളർത്തുനായ്ക്കളുടെ വേർപാട്…
അയൽക്കാരനും സുഹൃത്തും മാധ്യമപ്രവർത്തകനുമായ സുമേരന്റെ വീട്ടിലെ ഒരംഗത്തെപ്പോലെ അവർ കണ്ടിരുന്ന ചിക്കുവിന്റെയും, സുഹൃത്തായ സജിനിയുടെ വീട്ടിലെ ബ്രൗണിയുടെയും വേർപാടിന്റെ വാർത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്.
വർഷങ്ങളോളം ഒരു വളർത്തുമൃഗമായി മാത്രമല്ല, ആ വീടുകളിലെ സ്നേഹവും സന്തോഷവും പങ്കിട്ട്, കുടുംബാംഗങ്ങളെപ്പോലെ അവരോടൊപ്പം ജീവിച്ചിരുന്ന ആ കുഞ്ഞുങ്ങളുടെ അഭാവം ആ കുടുംബാംഗങ്ങളിൽ ഉണ്ടാക്കിയ ശൂന്യത എത്ര വലുതാണെന്ന് മനസ്സിലാക്കാൻ കഴിയും.
വാക്കുകൾക്ക് ആശ്വസിപ്പിക്കാൻ കഴിയാത്ത ചില നഷ്ടങ്ങൾ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. അത്തരമൊരു വേദനയുടെ നിമിഷത്തിലൂടെയാണ് അവർ ഇപ്പോൾ കടന്നുപോകുന്നത്. അവരുടെ ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നു.
ഒപ്പം, മക്കളെപ്പോലെ ഓമനിച്ച് മൃഗങ്ങളെ വളർത്തുകയും, പിന്നീട് അവരെ നഷ്ടപ്പെടുകയും ചെയ്ത എല്ലാ മൃഗസ്നേഹികൾക്കും, ആ സ്നേഹബന്ധത്തിന്റെ മനോഹരമായ ഓർമ്മകൾ എന്നും ശക്തിയും സമാധാനവും നൽകട്ടെ.
മൃഗങ്ങളോടുള്ള സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ, അത് എനിക്ക് ഒരു പൊതുചിന്ത മാത്രമല്ല; എന്റെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം എത്ര ആഴത്തിൽ വളരാമെന്ന് സ്വന്തം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ഒരു ഓർമ്മ എനിക്ക് ഇന്നുമുണ്ട്. വർഷങ്ങൾക്കിപ്പുറവും ഓർമ്മയിൽ നിന്ന് മാഞ്ഞുപോകാത്ത ആ സ്നേഹത്തിന്റെ പേര് – റാണി.
വർഷങ്ങളോളം ഞങ്ങളുടെ വീടിന്റെ വെളിച്ചമായി, സന്തോഷത്തിന്റെ തണലായി വാണൊരു കുരങ്ങുണ്ടായിരുന്നു – “റാണി”. അവൾ ഞങ്ങൾക്ക് കേവലമൊരു മൃഗമായിരുന്നില്ല. ഞങ്ങളുടെ ഓരോ ശ്വാസത്തിലും ചേർന്നുനിന്ന, ദിനചര്യകളിൽ സ്നേഹമായി അലിഞ്ഞുചേർന്ന, ഞങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു.
ദിവസവും റാണിയെയൊന്നു കാണാനും, അവളുടെ കുസൃതികൾ കണ്ട് സന്തോഷിക്കാനും സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ ഞങ്ങളുടെ മുറ്റത്തെത്തുമായിരുന്നു. റാണിയുടെ കളിച്ചിരികൾ നിറഞ്ഞ ആ വീട്ടുമുറ്റം ഒരിക്കലും ശൂന്യമാകില്ലെന്ന് ഞങ്ങൾ വെറുതെ ആശിച്ചുപോയി…
നായയെപ്പോലെയോ പൂച്ചയെപ്പോലെയോ വീടിനുള്ളിൽ അഴിച്ചുവിട്ടു വളർത്താൻ കഴിയുന്ന ഒന്നല്ല കുരങ്ങ്. വീടിനുള്ളിൽ കടന്നാൽ സാധനങ്ങളെല്ലാം തട്ടിമറിച്ച് അത് വികൃതി കാട്ടും. പുറത്താണെങ്കിൽ അപകടങ്ങളുടെ ചതിക്കുഴികളാണ് അതിനെ കാത്തിരിക്കുന്നത്.
ഒരിക്കൽ, വീടിന് പുറത്തെ വൈദ്യുത പോസ്റ്റിൽ കയറിയ റാണിക്ക് അതിശക്തമായി ഷോക്കേറ്റു. നിശ്ചലയായി വീണ അവളെ കണ്ടപ്പോൾ ജീവൻ പോയെന്നാണ് ഞങ്ങൾ കരുതിയത്. അവൾ മരിച്ചെന്നറിഞ്ഞ് ആളുകൾ ഓടിക്കൂടി… എന്നാൽ തോറ്റുകൊടുക്കാൻ മനസ്സ് വന്നില്ല. ഏറെ നേരം കൃത്രിമശ്വാസം നൽകി, മരണത്തിന്റെ കൈകളിൽ നിന്ന് അന്ന് അവളെ ഞങ്ങൾ തിരിച്ചുപിടിച്ചു. അതിന് ശേഷമാണ് മരത്തിനു മുകളിൽ റാണിക്കായി ഞങ്ങൾ പ്രത്യേകം ഒരു കൂടൊരുക്കിയത്.
വീട്ടിലുള്ളവരെല്ലാം അകത്തുകയറി വിളക്കുകൾ അണയുന്നതുവരെ അവൾ ഉണർന്നിരിക്കും. രാവെന്നോ പകലെന്നോ ഇല്ലാതെ ആര് ഗേറ്റ് തുറന്ന് അകത്തുകടന്നാലും അത്ഭുതകരമായ ജാഗ്രതയോടെ അവൾ ഞങ്ങൾക്ക് കാവൽ നിന്നു.
പക്ഷേ, വിധി ഒരു പഞ്ഞക്കർക്കിടകത്തിന്റെ നിശ്ശബ്ദതയായി വന്നു. ഒരു പെരുമഴനാളിൽ അവൾ ഞങ്ങളെ എന്നെന്നേക്കുമായി തനിച്ചാക്കി മടങ്ങുമ്പോൾ, ആ വീടിന്റെ നാലുചുവരുകൾക്കുള്ളിൽ വാക്കുകളില്ലാത്ത അനാഥത്വമാണ് താമസമാക്കിയത്.
പെരുമഴ പോലെ കാൽ നൂറ്റാണ്ട് പെയ്തു തീർന്നിട്ടും, അവളുടെ ഓരോ ചലനവും ആ മുറ്റത്തുനിന്ന് മറഞ്ഞുപോയിട്ടും, അവൾ പകർന്നുതന്ന സ്നേഹത്തിന്റെ കുളിർമ ഇന്നും ഞങ്ങളുടെ നിശ്ശബ്ദതകളിൽ ജീവിക്കുന്നു. ചില ബന്ധങ്ങൾ രക്തബന്ധങ്ങളേക്കാൾ ആഴത്തിൽ ആത്മാവിന്റെ താളുകളിൽ കോറിയിടപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെയാകണം, വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും റാണിയുടെ അഭാവത്തോട് പൂർണ്ണമായി പൊരുത്തപ്പെടാൻ എനിക്കിന്നും കഴിഞ്ഞിട്ടില്ല. റാണി ഞങ്ങൾക്ക് ഇന്നുമൊരു വെറും ഓർമ്മയല്ല… ഇന്നും ഞങ്ങളുടെ ജീവന്റെ ഓരോ ഇടങ്ങളിലും ശബ്ദമില്ലാതെ അലിഞ്ഞുനിൽക്കുന്ന പ്രിയപ്പെട്ട സ്നേഹസാന്നിധ്യമാണ്.
ആ സ്നേഹത്തിന്റെ തണലൊഴിഞ്ഞ് മറഞ്ഞുപോയിട്ടും, ഇന്നും അറിയാതെ എന്റെ കണ്ണുകൾ ആ മരം നിന്നിരുന്നിടത്തേക്ക് നോക്കും … അവിടെ ഇപ്പോഴും അവളുണ്ടെന്ന മനോഹരമായൊരു തോന്നലിൽ ഹൃദയം വെറുതെ തുടിക്കും. ഞാൻ മാത്രമല്ല, അന്ന് റാണിയെ അടുത്തറിഞ്ഞ പ്രിയപ്പെട്ടവർ ആരെങ്കിലും വീട്ടിൽ വരുമ്പോൾ, ആ വശത്തേക്ക് കണ്ണുകൾ പായുമെന്നും അവരും പറയാറുണ്ട്.
അവളോടുള്ള സ്നേഹവും അവളുടെ പാവനസ്മരണയും എന്നെന്നും നെഞ്ചിലേറ്റാൻ, എന്റെ “കാണാകാഴ്ചകൾ” എന്ന ചിത്രത്തിലെ നായികയ്ക്ക് ഞാൻ നൽകിയ പേരും അത് തന്നെയായിരുന്നു – ‘റാണി’.
-ജോയ് കെ. മാത്യു

