Monday, October 5, 2026
Home » അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ചു നെതന്യാഹു.
അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ചു നെതന്യാഹു.

അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ചു നെതന്യാഹു.

by Editor

ടെൽ അവീവ്: ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിമാനത്തിൽ സഹപൈലറ്റിൽ നിന്നും നേരിട്ട അതിഭീകരമായ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന നിമിഷങ്ങൾ നെതന്യാഹുവുമായി ക്യാപ്റ്റൻ സ്മിത് മച്ചാർ പങ്കുവെച്ചു. സ്മിത്തിന്റെ ധീരതയെ വാനോളം പുകഴ്ത്തിയ നെതന്യാഹു, അടുത്ത ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുക്കാനും സ്മിത്തിനെ ക്ഷണിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിക്കവെയാണ് ആക്രമണത്തിന്റെ ഓരോ ഘട്ടവും മച്ചാർ വിശദീകരിച്ചത്. യാത്രയ്‌ക്കിടെ പ്രാർഥിക്കാനായി എഴുന്നേറ്റ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി പെട്ടെന്ന് തന്നെ ആക്രമണം ആരംഭിക്കുകയായിരുന്നുവെന്ന് മച്ചാർ പറഞ്ഞു.

യാത്രയ്‌ക്കിടെ പ്രാർഥനാ സമയം എത്തിയാൽ സഹപൈലറ്റ് പ്രാർഥനയ്‌ക്കായി എഴുന്നേൽക്കുന്നത് പതിവായിരുന്നുവെന്നും അതിൽ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ലെന്നും മച്ചാർ പറഞ്ഞു. സഹപൈലറ്റിന്റെ സ്വകാര്യ പ്രാർഥനയെ മാനിച്ച് താൻ പതിവുപോലെ വിമാനത്തിന്റെ മുന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. പ്രാർഥന തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷമാണ് അപ്രതീക്ഷിതമായി തലയുടെ പിൻഭാഗത്ത് ശക്തമായ അടിയേറ്റത്.

വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായതാകാമെന്നാണ് ആദ്യം കരുതിയത്. തലയ്‌ക്ക് പിന്നിൽ തുടർച്ചയായി ശക്തമായ പ്രഹരങ്ങൾ. ഒരു നിമിഷം കൊണ്ട് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പരിക്കിന്റെ ആഘാതത്തിൽ കാഴ്ച പോലും നഷ്ടപ്പെട്ട അവസ്ഥയിലായി. ഇതിനിടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് നീങ്ങുന്നതും മച്ചാർ തിരിച്ചറിഞ്ഞു. സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മനസിലാക്കിയതോടെ കോക്പിറ്റിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചു.

വാതിൽ തുറന്നെങ്കിലും ഹമാം അൽ ഹമ്മാമി അത് വീണ്ടും വലിച്ചടച്ചതായി മച്ചാർ പറഞ്ഞു. ഇതിനിടെ താൻ നിലത്ത് വീണു. വിമാനത്തിനുള്ളിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്ന ശബ്ദവും കേൾക്കാമായിരുന്നു. വീണ്ടും മുഴുവൻ ശക്തിയും ഉപയോഗിച്ച് കോക്പിറ്റ് തുറക്കാൻ ശ്രമിച്ചു. വാതിൽ തുറക്കാൻ കഴിയാത്ത പക്ഷം വിമാനത്തിലുള്ള എല്ലാവരുടെയും ജീവൻ അപകടത്തിലാകുമെന്ന് അപ്പോഴേക്കും വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒടുവിൽ കോക്പിറ്റിന്റെ വാതിൽ തുറന്നതോടെ യാത്രക്കാർ ഉൾപ്പെടെയുള്ളവർ അകത്തേക്ക് പ്രവേശിച്ചു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. അതിന് ശേഷമുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാമെന്നും മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.

മച്ചാറിന്റെ ധൈര്യത്തെ നെതന്യാഹു അഭിനന്ദിച്ചു. അതീവ അപകടകരമായ സാഹചര്യത്തിലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ ഇടപെടൽ അസാധാരണമായ ധീരതയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെയും ഇസ്രായേലിലെയും ധീരരായ ജനങ്ങളുടെ യഥാർത്ഥ ഹീറോയാണ് സ്മിത്തെന്നും ലോകത്തിന്റെ മുഴുവൻ ഹീറോയാണെന്നും നെതന്യാഹു വിശേഷിപ്പിച്ചു.

“ഇസ്രായേലി യാത്രക്കാരിൽ നിന്ന് ഞാൻ കാര്യങ്ങൾ അറിഞ്ഞു. താങ്കൾ വലിയൊരു ഹീറോയാണ്. താങ്കൾക്കൊപ്പം മറ്റ് ഹീറോകളും ഉണ്ടായിരുന്നു. നിങ്ങളാണ് ആ ദിവസം രക്ഷിച്ചത്. നിരവധി ജീവനുകളാണ് താങ്കൾ രക്ഷിച്ചത്. അതിനേക്കാൾ വലിയൊരു കാര്യവും താങ്കൾ ചെയ്തു. എത്ര വലിയ ഭീഷണിയുണ്ടായാലും ധീരനായ ഒരു പൈലറ്റിനും യാത്രക്കാർക്കും അതിനെ മറികടക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു. ലോകം മുഴുവൻ താങ്കളെ പ്രശംസിക്കുകയാണ്. താങ്കൾ ഇസ്രായേലിന്റെ ഹീറോയാണ്. ഇന്ത്യയുടെ ഹീറോയാണ്. ലോകത്തിന്റെ മുഴുവൻ ഹീറോയാണ്. ഇസ്രായേലിലെ ജനങ്ങൾ താങ്കളെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു”– നെതന്യാഹു പറഞ്ഞു.

“എന്റെയും ഭാര്യയുടെയും അന്വേഷണം താങ്കളുടെ ഭാര്യയെയും അറിയിക്കുക. താങ്കൾക്ക് ഒരു കുടുംബമുണ്ടെന്ന് എനിക്കറിയാം. താങ്കൾ ലോകരാഷ്ട്രങ്ങളുടെ കുടുംബത്തിലെ ഒരു ധീരനായ അംഗമാണ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെ” – നെതന്യാഹു സ്മിത്ത് മച്ചാറിനോട് പറഞ്ഞു.

ഇസ്രായേലിന്റെ അടുത്ത സ്വാതന്ത്ര്യദിന ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാനും പവിത്രമായ ജ്വാല (Celebratory Flame) തെളിയിക്കാനും സ്മിത് മച്ചാറിനെയും ഒപ്പം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ക്ഷണിച്ചു. സാധാരണയായി ഇസ്രായേൽ പൗരന്മാർക്ക് മാത്രം നൽകുന്ന അപൂർവ്വ ബഹുമതിയാണിത്.

ഫ്ലൈ ദുബായ് വിമാനത്തിൽ നടന്നത് ഭീകരപ്രവർത്തന ശ്രമം തന്നെയെന്ന് യുഎഇ; ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം.

Send your news and Advertisements

You may also like

error: Content is protected !!