Monday, May 25, 2026
Home » യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി.
യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി.

യുദ്ധം അവസാനിപ്പിക്കാൻ 5 ഉപാധികൾ മുന്നോട്ട് വച്ച് ഇറാൻ; ട്രംപിന്‍റെ നിർദ്ദേശങ്ങൾ തള്ളി.

by Editor

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളി. ട്രംപിന്റെ നിർദ്ദേശങ്ങൾ ‘അമിതവും’ യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, പകരം അഞ്ച് സ്വന്തം ഉപാധികൾ മുന്നോട്ടുവെച്ചു.

* തങ്ങൾക്കെതിരെയുള്ള ശത്രുപക്ഷത്തിന്റെ ആക്രമണങ്ങളും ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളും പൂർണ്ണമായും നിർത്തലാക്കണം.
* ഭാവിയിൽ ഇറാനെതിരെ വീണ്ടും യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ വ്യക്തമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം.
* യുദ്ധത്തിലൂടെ ഉണ്ടായ നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണം.
* മേഖലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകളെയും ഉൾപ്പെടുത്തി എല്ലാ യുദ്ധമുന്നണികളിലും പോരാട്ടം അവസാനിപ്പിക്കണം.
* തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ പരമാധികാരവും അധികാരവും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കണം എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ തീരുമാനിക്കുന്ന സമയത്ത് മാത്രമേ അത് സംഭവിക്കൂ എന്നും ട്രംപിന് അതിന്റെ സമയം നിശ്ചയിക്കാനാകില്ലെന്നും ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ നിർദ്ദേശങ്ങളിൽ ഇറാന്റെ ആണവപദ്ധതികൾ നിർത്തലാക്കണമെന്നും യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്നുമുള്ള കർശനമായ വ്യവസ്ഥകൾ ഉൾപ്പെട്ടിരുന്നു. പാകിസ്ഥാൻ വഴിയാണ് അമേരിക്കയുടെ നിർദ്ദേശങ്ങൾ ഇറാന് കൈമാറിയത്.

ഇതിനിടെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യുഎസ് നിർണായക നീക്കം നടത്തുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. ഖാർഗ് ദ്വീപിൽ തങ്ങളുടെ കരസേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് യുഎസ് ചർച്ച നടത്തിയെന്നാണ് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ദ്വീപിൽ മേൽക്കൈ നേടുന്നതിലൂടെ എണ്ണ ഉൽപ്പാദനത്തിലൂടെ ഇറാൻ നേടുന്ന സാമ്പത്തിക വരുമാനം കുറയ്ക്കാനും നിലവിലെ സംഘർഷത്തിന്റെ ഗതിയെ സ്വാധീനിക്കാനും കഴിയുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ഇന്നലെയും ഇറാൻ ഇസ്രായേലിന് നേരെ വലിയ തോതിലുള്ള മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെൽ അവീവ്, ഹൈഫ എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഇത്. ഇസ്രായേലിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരം പുറത്തുവന്നിട്ടില്ലെങ്കിലും പലയിടത്തും ആളുകൾ ബങ്കറുകളിൽ അഭയം തേടി. ടെഹ്‌റാനിലെയും ഇസ്ഫഹാനിലെയും ഇറാനിയൻ ഭരണകൂടത്തിന്റെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. ഇറാന്റെ ആയുധ നിർമ്മാണ ശാലകൾ തകർക്കാൻ 48 മണിക്കൂർ നീളുന്ന പ്രത്യേക ആക്രമണത്തിന് പ്രധാനമന്ത്രി നെതന്യാഹു ഉത്തരവിട്ടു. യുദ്ധം ആരംഭിച്ച ശേഷം ഇറാനിൽ 1,500 പേരും ലെബനാനിൽ 1,000-ത്തിലധികം പേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Send your news and Advertisements

You may also like

error: Content is protected !!