Friday, May 29, 2026
Home » എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; എന്തിനും തയ്യാറായി യുഎസും, ഇറാനും, ഇസ്രായേലും.
ഇസ്രയേലും ഇറാനും

എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; എന്തിനും തയ്യാറായി യുഎസും, ഇറാനും, ഇസ്രായേലും.

by Editor

ടെഹ്റാൻ: എത്രയും വേഗം ഇറാൻ വിടണമെന്ന് പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി. ലഭ്യമായ ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം ഇറാൻ വിടാനാണ് നിർദേശം നൽകിയിരിക്കുന്നത്. ജനുവരിയിലെ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ ഓർമ പുതുക്കി വീണ്ടും ഇറാനിൽ കടുത്ത ഭരണ വിരുദ്ധ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിലാണ് പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് ഇന്ത്യൻ എംബസിയുടെ നിർദേശം. ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും ഇന്ത്യൻ വംശജരും അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടു നിൽക്കണമെന്നും എംബസി അറിയിച്ചു.

2026 ജനുവരി അഞ്ചിന് ഇറാൻ ഭരണകൂടം പ്രതിഷേധക്കാർക്കെതിരെ നടപടി സ്വീകരിച്ചപ്പോഴും ഇന്ത്യൻ എംബസി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യം വിടാൻ തയ്യാറെടുക്കുന്നവർ തങ്ങളുടെ പാസ്പോർട്ട്, ഐഡൻ്റിറ്റി കാർഡുകൾ തുടങ്ങിയ യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കണമെന്നും എംബസി അറിയിച്ചു. പൗരന്മാർക്ക് ബന്ധപ്പെടാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട്. നമ്പർ: +989128109115, +989128109109,+989128109102,+989932179359. : cons.tehran@mea.gov.in.

ഇറാൻ – അമേരിക്ക സംഘർഷ സാഹചര്യം തുടരുന്നതിനിടെ അമേരിക്കൻ കരുത്തിന്റെ പ്രതീകമായ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യു എസ് എസ് ജെറാൾഡ് ഫോർഡ് ഗ്രീസ് സമുദ്രാതിർത്തിയിലെത്തി. ജിബ്രാൾട്ടർ കടലിടുക്ക് പിന്നിട്ട് ഗ്രീസ് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് കപ്പൽ അടുത്തത് ഇറാന് നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ അറബിക്കടലിലുള്ള യു എസ് എസ് എബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പിനൊപ്പം ജെറാൾഡ് ഫോർഡ് കൂടി ചേരുന്നതോടെ മേഖലയിൽ അമേരിക്കയുടെ സൈനികാധിപത്യം വർദ്ധിക്കുമെന്നും ഇത് ഇറാനെതിരായ ആക്രമണത്തിന് മുന്നോടിയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സേനാവിന്യാസം കാട്ടിയുള്ള അമേരിക്കയുടെ മുന്നിറിയിപ്പും അന്ത്യശാസനവും തുടരുമ്പോഴും ഏകപക്ഷീയമായ കരാറുകൾക്ക് വഴങ്ങില്ലെന്ന നിലപാടിലാണ് ഇറാൻ. വ്യാഴാഴ്ച്ച നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി ഒമാന്റെ നേതൃത്വത്തിൽ വിവിധ കക്ഷികകളുമായി തിരക്കിട്ട ചർച്ചകൾ നടക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രം ഗുണമുള്ള ധാരണകൾ അംഗീകരിക്കും എന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ വിദേശകാര്യ വക്താവ് വ്യക്തമാക്കി. അതേസമയം ഏതു സമയവും ഒരു ആക്രമണം പ്രതീക്ഷിക്കുന്ന ഇറാൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാഖുമായുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലും അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിടുന്നതിനായി പേര്‍ഷ്യന്‍ ഗള്‍ഫിന്റെ തെക്കന്‍ തീരങ്ങളിലും ബാലിസ്റ്റിക് മിസൈല്‍ ലോഞ്ചറുകള്‍ വിന്യസിച്ചിട്ടുണ്ട്.

ഇസ്രായേലിനെ ആക്രമിക്കാൻ മുതിർന്നാൽ ഇറാൻ ചിന്തിക്കുന്നതിനും അപ്പുറത്തുള്ള പ്രത്യാഘാതങ്ങളും തിരിച്ചടിയും നേരിടേണ്ടി വരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം പുകയുന്നതിനിടെ ഇസ്രായേൽ പ്രതിരോധം ശക്തമാക്കിയതായും ശത്രുക്കളുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ തങ്ങളുടെ സൈന്യത്തിന് കരുത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ – അമേരിക്ക ആണവ ചർച്ചകളടക്കം തീരുമാനമാകാതെ നീളുന്ന സാഹചര്യത്തിൽ വീണ്ടുമൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന വിലയിരുത്തലുകൾക്കിടയിലാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.

മൂന്നാം ഘട്ട ചർച്ച വ്യാഴാഴ്ച; ഇറാൻ ഭരണകൂടത്തിനെതിരെ വീണ്ടും പ്രക്ഷോഭവുമായി വിദ്യാർഥികൾ, മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടി അമേരിക്ക

Send your news and Advertisements

You may also like

error: Content is protected !!