Friday, May 8, 2026
Home » വ്യോമാതിർത്തി അനുവദിച്ചില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റ്”: രൂക്ഷ വിമർശനവുമായി ഇന്ത്യ.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

വ്യോമാതിർത്തി അനുവദിച്ചില്ലെന്ന പാക്കിസ്ഥാന്റെ അവകാശവാദം തെറ്റ്”: രൂക്ഷ വിമർശനവുമായി ഇന്ത്യ.

by Editor

ന്യൂഡൽഹി: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയ്ക്ക് സഹായം നൽകുന്നതിൽ ഇന്ത്യൻ വ്യോമാതിർത്തി അടച്ചുവെന്ന പാക്കിസ്ഥാൻ്റെ വാദത്തെ രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രാലയം. അസംബന്ധം എന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വിശേഷിപ്പിച്ചത്. ഇന്ത്യയ്ക്ക് വിരുദ്ധമായി തെറ്റായ വിവരങ്ങളാണ് പാക്കിസ്ഥാൻ പ്രചരിപ്പിക്കുന്നതെന്ന് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ശ്രീലങ്കയ്ക്ക് സഹായം എത്തിക്കുന്നതിനായുള്ള പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി അനുവദിച്ചിരുന്നതായും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിർത്തി അനുവദിക്കുന്നതിനായുള്ള പാക്കിസ്ഥാന്റെ അപേക്ഷ, താമസമില്ലാതെ അതേദിവസം തന്നെ നടപ്പിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിന് തന്നെ യാത്രാനുമതി നൽകിയിരുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ വ്യോമാതിർത്തി തുറന്നുനൽകിയില്ല എന്നായിരുന്നു പാക്കിസ്ഥാൻ്റെ ആരോപണം. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയെ ആക്ഷേപിക്കാനുള്ള നീക്കമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ശ്രീലങ്കക്ക് പിന്തുണയും സഹായവും എത്തിക്കാൻ മുൻനിരയിലുണ്ടായിരുന്നു. എന്നാൽ, മാനുഷിക സഹായമെന്ന പേരിൽ ശ്രീലങ്കക്ക് സാധന സാമഗ്രികൾ അയച്ചതിന്റെ പേരിൽ വലിയ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ് പാക്കിസ്ഥാൻ. അയച്ച സാധനങ്ങളെല്ലാം എക്സ്പയറി ഡേറ്റ് കഴിഞ്ഞതാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൊളംബോയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ തന്നെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായ കിറ്റിന്റെ ചിത്രങ്ങൾ ആദ്യം പങ്കുവച്ചത്.

അതേ സമയം, ഇന്ത്യയുടെ ഇടപെടലിന് പ്രസിഡന്റ് അനുര കുമാര ദിസനായകെയുടെ ഓഫീസ് നന്ദി അറിയിച്ചു. ‘ഓപ്പറേഷൻ സാഗർ ബന്ധു’വിന്റെ ഭാഗമായി നിർണായകമായ മാനുഷിക സഹായവും ദുരന്ത നിവാരണവുമായി ഇന്ത്യൻ സേന രംഗത്തുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!