Tuesday, May 26, 2026
Home » ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ; മുജ്തബ ഖമനെയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്
മൊജ്താബ ഖൊമേനി

ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ; മുജ്തബ ഖമനെയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

by Editor

ടെഹ്‌റാൻ: യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം അടുത്തിരിക്കെ ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നു. യുദ്ധവിമാനങ്ങൾ ടെഹ്റാന്റെ ആകാശത്തു പറക്കുന്നതായും അൽ ജസീറയെ റിപ്പോർട്ട് ചെയ്യുന്നു. ഇന്ന് പ്രാദേശിക സമയം രാത്രി 9 മണി വരെ ട്രെയിൻ യാത്ര ഒഴിവാക്കാൻ ഇറാനികൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘ഇത് നിങ്ങളുടെ ജീവന് ഭീഷണിയാണ്’ എന്നും മുന്നറിയിപ്പിൽ പറയുന്നു. പുതിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ പദ്ധതിയിടുന്നതായാണ് സൂചന. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അന്ത്യശാസന കാലാവധി അവസാനിക്കുന്നത് ഇന്നാണ്. യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ തള്ളിയിരുന്നു.

ഇറാൻ സർക്കാരിന്റെ നടപടികളിൽ താൻ അസ്വസ്‌ഥനാണെന്നും, അതിന് അവർ വലിയ വില നൽകേണ്ടി വരുമെന്നും പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്‌ പറഞ്ഞു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനത്തിലെത്തിയില്ലെങ്കിൽ ഇറാൻ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. താൽക്കാലികമായി വെടിനിർത്താനുള്ള യുഎസ് നിർദേശങ്ങൾ ഇറാൻ തള്ളിയതിനു പിന്നാലെയാണ് ട്രംപിൻ്റെ പ്രതികരണം.

അതേസമയം ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായ മുജ്തബ ഖമനെയി ഭരണ നിർവ്വഹണത്തിന് കഴിയാത്ത വിധം അശക്തനാണെന്നും കോം നഗരത്തിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നും അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രം ‘ദി ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പൂർണ്ണമായും ഏറ്റെടുത്തതായാണ് സൂചന. നിലവിൽ അദ്ദേഹം ബോധരഹിതനാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

അതേസമയം റിപ്പോർട്ടിലെ വാദത്തേക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടല്ല. ടെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയാണ് ഷിയ ഇസ്‌ലാം വിശ്വാസികൾ പവിത്രമായി കണക്കാക്കുന്ന ഖോം സ്ഥിതി ചെയ്യുന്നത്. യുദ്ധം ആരംഭിച്ചതിനുശേഷം മുജ്തബ ഖമനയിയെ പൊതുമധ്യത്തിൽ കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ല. ഇറാന്‍ പരമോന്നത നേതാവായതിന് ശേഷം മുജ്തബ പുറപ്പെടുവിച്ചു എന്ന് പറയുന്ന നിരവധി പ്രസ്താവനകൾ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്‍ ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശബ്ദമോ ദൃശ്യങ്ങളോ പുറത്തുവിട്ടിരുന്നില്ല. ഇത് മുജ്തബ ഖമനയി ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്ന റിപ്പോർട്ടുകൾക്ക് ആക്കം കൂട്ടുന്നതാണ്.

Send your news and Advertisements

You may also like

error: Content is protected !!