റിയാദ്: യമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അൽ മന്ദബ് (Bab al-Mandab) കടലിടുക്കിലെ അതിപ്രധാനമായ പെരിം ദ്വീപ് (മേയൂൺ ദ്വീപ് – Mayyun Island) പൂർണ്ണമായും തങ്ങളുടെ നിയന്ത്രണത്തിലാക്കി. ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് അൽ മന്ദബിലേക്കുള്ള കടന്നുകയറ്റത്തിന് പെരിമിലെ ആധിപത്യം നിർണായകമാണ്. ലോകത്തെ മൊത്തം ചരക്കുനീക്കത്തിന്റെ 12 ശതമാനം കടന്നുപോകുന്ന കടലിടുക്കാണ് ബാബ് അൽ മന്ദബ്.
യെമന്റെ പടിഞ്ഞാറൻ തീരത്തിന് കിലോമീറ്ററുകൾ അകലെ സ്ഥിതി ചെയ്യുന്ന ചെറിയ അഗ്നിപർവത ദ്വീപാണ് പെരിം. പെരിം ദ്വീപിന് അടത്തുള്ള തീരദേശ നഗരമായ ധുബാബ് (Dhubab) നഗരത്തിന്റെ നിയന്ത്രണവും ഇതിനോടകം പൂർണ്ണമായി പിടിച്ചെടുത്തിട്ടുണ്ട്. ചെങ്കടൽ തീരത്ത് ബാബ് അൽ മന്ദബ് കടലിടുക്കിന് തൊട്ടഭിമുഖമായി സ്ഥിതി ചെയ്യുന്ന അതിപ്രധാനമായ തീരദേശ നഗരമാണ് ധുബാബ്. പെരിം ദ്വീപിലേക്ക് കടൽ മാർഗ്ഗം സൈന്യത്തെ എത്തിക്കാനും ചരക്കുനീക്കം നടത്താനും ഏറ്റവും തന്ത്രപ്രധാനമായ ഇടമാണിത്. പെരിം ദ്വീപിനൊപ്പം ധുബാബ് നഗരവും കൈക്കലാക്കിയതോടെ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ പൂർണ്ണമായ മേധാവിത്വം ഹൂതികൾക്ക് ലഭിച്ചു.
ആഗോള എണ്ണക്കപ്പലുകളും ചരക്കുകപ്പലുകളും വലിയ തോതിൽ കടന്നുപോകുന്ന പാതയാണിത്. ഹോർമുസ് കടലിടുക്കിന് പുറമേ ബാബ് അൽ മന്ദബ് കൂടി ഹൂതികളുടെ (ഇറാൻ സഖ്യത്തിന്റെ) നിയന്ത്രണത്തിലാകുന്നത് ആഗോള ഇന്ധന വിതരണത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ചെങ്കടൽ വഴിയുള്ള ആഗോള കപ്പൽ ഗതാഗതം സുരക്ഷിതമായിരിക്കുമെന്നും എന്നാൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് മേൽ പൂർണ്ണ ഉപരോധം ഏർപ്പെടുത്തുമെന്നുമാണ് ഹൂതി സൈനിക വക്താവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
സൗദി എണ്ണ പൈപ്പ്‌ലൈന് നേരെ ഇറാക്കിൽ നിന്ന് ആക്രമണം
ഇറാഖിൽ നിന്നുള്ള ഇറാൻ അനുകൂല സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ സൗദി അറേബ്യയുടെ അതിപ്രധാനമായ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈന് (East-West Oil Pipeline) നേരെ ആക്രമണം നടത്തി. റിയാദ്, മദീന എന്നീ പ്രദേശങ്ങളിലെ പമ്പിങ് സ്റ്റേഷനുകളിലാണ് ഡ്രോണുകൾ പതിച്ചത്.
ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഹോർമുസ് കടലിടുക്കിലെ ഇറാൻ ഭീഷണി മറികടന്ന് ചെങ്കടൽ വഴി എണ്ണ കയറ്റുമതി ചെയ്യാൻ സൗദി പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ പൈപ്പ്‌ലൈനെയാണ്. ഈ സാഹചര്യത്തിൽ പൈപ്പ്‌ലൈൻ ആക്രമിക്കപ്പെട്ടതും ചെങ്കടലിലെ പെരിം ദ്വീപ് ഹൂതികൾ പിടിച്ചെടുത്തതും സൗദിയുടെ എണ്ണ വിപണന തന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയാണ്.
ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ, തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി.
തന്ത്രപ്രധാന തുറമുഖ നഗരമായ മോഖ ഹൂതികൾ പിടിച്ചെടുത്തു; സൗദിക്ക് തിരിച്ചടി; എണ്ണ വില കുതിക്കുന്നു.

