ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് (BRICS) ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്‌ച ഭാരത് മണ്ഡപത്തിൽ നടന്ന കൂടിക്കാഴ്‌ച ഏകദേശം 45 മിനിറ്റ് നീണ്ടു. വ്യാപാരം, പ്രതിരോധം, ഊർജം, റഷ്യ-യുക്രൈൻ സംഘർഷം, ആണവോർജ രംഗത്തെ സഹകരണം, ബ്രഹ്മോസ്, S-400, Su-57 തുടങ്ങിയ വിഷയങ്ങൾ ചർച്ചകളിൽ ഇടംപിടിച്ചു. ആഗോള സംഘർഷങ്ങൾ പരിഹരിക്കാൻ ചർച്ചകളും നയതന്ത്രവുമാണ് ഏക പോംവഴിയെന്ന് പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
തിരുവള്ളുവർ രചിച്ച പ്രശസ്ത തമിഴ് കൃതിയായ ‘തിരുക്കുറലിന്റെ‘ റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റ് പുട്ടിന് സമ്മാനമായി നൽകി. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളെ മറികടക്കാൻ ബദൽ സംവിധാനങ്ങളെക്കുറിച്ച് ഇരു നേതാക്കളും സംസാരിച്ചു. ‘ഇക്കണോമിക് കോപ്പറേഷൻ 2030’ പദ്ധതിയുടെ വേഗത്തിലുള്ള നടപ്പിലാക്കൽ, ഡോളറിന് പകരമായി പ്രാദേശിക കറൻസികളിലുള്ള ഇടപാടുകൾ (Local-currency payments) എന്നിവ ശക്തമാക്കാൻ തീരുമാനിച്ചു.
യുക്രൈൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് തടസ്സമില്ലാതെ സ്ഥിരമായി ഇന്ധനവും (Crude Oil) കൂടുതൽ രാസവളങ്ങളും നൽകാൻ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. സിവിൽ ആണവോർജ്ജ മേഖലയിലെ സഹകരണവും ചർച്ചയായി. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് 57 (Su-57) ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യാ കൈമാറ്റം ചർച്ചകളിൽ വലിയ പ്രാധാന്യം നേടി. ഇതോടൊപ്പം എയർ ഡിഫൻസ് സിസ്റ്റമായ S-400 പ്രതിരോധ സാമഗ്രികളുടെ അവസാന ഘട്ട ഡെലിവറി, അടുത്ത തലമുറ ബ്രഹ്മോസ് (BrahMos) മിസൈലുകൾ എന്നിവയുടെ വികസനവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
യുക്രൈൻ പ്രശ്നത്തിൽ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ സമാധാനം കണ്ടെത്താനാകൂ എന്ന് മോദി പുട്ടിനോട് ആവർത്തിച്ചു. സമാധാന ശ്രമങ്ങൾക്കായുള്ള ഇന്ത്യയുടെ ഇടപെടലുകളെ റഷ്യ സ്വാഗതം ചെയ്തു. പശ്ചിമേഷ്യയിലെയും കരിങ്കടൽ (Black Sea) മേഖലയിലെയും സംഘർഷങ്ങൾ അന്താരാഷ്ട്ര സമുദ്രവ്യാപാരത്തെയും ഇന്ത്യൻ നാവികരുടെ സുരക്ഷയെയും ബാധിക്കുന്നത് കൂടിക്കാഴ്ചയിൽ പ്രതിപാദിച്ചു. അടുത്തതായി റഷ്യയിൽ വെച്ചു നടക്കാനിരിക്കുന്ന 24-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിലേക്ക് പ്രസിഡന്റ് പുട്ടിൻ പ്രധാനമന്ത്രി മോദിയെ ക്ഷണിച്ചിട്ടുണ്ട്.
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ തുടക്കം. ഉച്ചയ്ക്കാണ് ഉച്ചകോടി തുടങ്ങുക. രാവിലെ വിവിധ നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഉച്ചയ്ക്കാണ് ഡൽഹിയിലെത്തുന്നത്. നാളെയും ഉച്ചകോടി തുടരും. ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ പറഞ്ഞു. തന്ത്രപ്രധാന ദീർഘകാല വീക്ഷണത്തോടെയുള്ള സഹകരണം ആഗ്രഹിക്കുന്നു എന്നും ചൈനീസ് അംബാസഡർ പറഞ്ഞു. പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിൽ എത്താൻ ഇരിക്കെയാണ് ചൈനീസ് അംബാസഡറുടെ പ്രസ്താവന.
ഏഴ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത്. സിപിസി പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും ഷി ജിൻപിങ്ങിന്റെ വിശ്വസ്തനുമായ സായ് ക്വി, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരടങ്ങുന്ന 67 അംഗ ഉന്നതതല സർക്കാർ പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. കൂടാതെ പ്രത്യേക വ്യവസായ പ്രതിനിധി സംഘവും പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യയിലെത്തുന്നുണ്ട്. വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച നടത്തും. 24 മണിക്കൂർ നീളുന്ന സന്ദർശനം പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയ്ക്ക് 12:20ന് അദ്ദേഹം മടങ്ങും.

