Saturday, October 3, 2026
Home » ജി എസ് റ്റി: സെപ്റ്റംബറിൽ 2.04 ലക്ഷം കോടി; ഏറ്റവും മുന്നിൽ മഹാരാഷ്ട്ര, കേരളത്തിനും 11% വളർച്ച
ജിഎസ്‍ടി

ജി എസ് റ്റി: സെപ്റ്റംബറിൽ 2.04 ലക്ഷം കോടി; ഏറ്റവും മുന്നിൽ മഹാരാഷ്ട്ര, കേരളത്തിനും 11% വളർച്ച

by Editor

ന്യൂ ഡൽഹി: 2026 സെപ്റ്റംബറിലെ ഇന്ത്യയുടെ ആകെ ജി എസ് റ്റി (GST) വരുമാനം 2.04 ലക്ഷം കോടി രൂപയായി ഉയർന്നുവെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14.7% വളർച്ചയാണ് രാജ്യവ്യാപകമായി രേഖപ്പെടുത്തിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം മാസമാണ് ജി എസ് റ്റി വരുമാനം 2 ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നത്.

ഇറക്കുമതി വരുമാനത്തിലുണ്ടായ 25.9% വർദ്ധനവാണ് (65,525 കോടി രൂപ) ഈ കുതിപ്പിന് പ്രധാന കാരണം. രാജ്യത്തെ ആഭ്യന്തര ജി എസ് റ്റി വരുമാനം 10.1% വർദ്ധിച്ച് 1.38 ലക്ഷം കോടി രൂപയായിട്ടുണ്ട്. 2025 സെപ്റ്റംബറിൽ 1.77 ലക്ഷം കോടി രൂപയായിരുന്നു ജി എസ് റ്റി വരുമാനം.

സംസ്ഥാനം തിരിച്ചുള്ള കണക്കെടുപ്പിൽ മഹാരാഷ്ട്രയാണ് പതിവുപോലെ കഴിഞ്ഞമാസവും സമാഹരണത്തിൽ‌ മുന്നിൽ. 15% വളർച്ചയോടെ 29,986 കോടി രൂപ സംസ്ഥാനം സ്വന്തമാക്കി. രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും മികച്ച വളർച്ച കൈവരിച്ചപ്പോൾ ചിലയിടങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

13,884 കോടി രൂപയാണ് കർണാടകയുടെ സെപ്റ്റംബറിലെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 16% വളർച്ച നേടാൻ സംസ്ഥാനത്തിന് സാധിച്ചു. 12,222 കോടി രൂപ സ്വന്തമാക്കിയ ഗുജറാത്ത് 17% ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആദ്യ അഞ്ചിൽ ഇടംപിടിച്ചെങ്കിലും തമിഴ്‌നാടിന്റെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5% ഇടിവുണ്ടായി. 10,188 കോടി രൂപയാണ് തമിഴ്‌നാട് സമാഹരിച്ചത്. 2% മാത്രം നേരിയ വളർച്ചയോടെ 10,097 കോടി രൂപ ഹരിയാന നേടി.

സെപ്റ്റംബറിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച കേരളം 11% വളർച്ചയോടെ 3,328 കോടി രൂപ ജി എസ് റ്റി ഇനത്തിൽ സമാഹരിച്ചു. ആഭ്യന്തര വിപണിയിലെ ശക്തമായ ഉപഭോഗമാണ് കേരളത്തിന് തുണയായത്. 2025 സെപ്റ്റംബറിൽ 3010 കോടിയായിരുന്നു. കേരളത്തിന്റെ കഴിഞ്ഞമാസത്തെ സംസ്ഥാന ജി എസ് റ്റിയും ഐ ജി എസ് റ്റിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (പോസ്റ്റ് സെറ്റിൽമെന്റ് ജി എസ് റ്റി) 3451 കോടിയാണ്.

അസം ഇത്തവണ വൻ കുതിച്ചുചാട്ടമാണ് നടത്തിയത്. 88% വാർഷിക വളർച്ചയാണ് അസം രേഖപ്പെടുത്തിയത്. സംസ്ഥാനം 2,415 കോടി രൂപ സമാഹരിച്ചു. മികച്ച വ്യവസായ-വ്യാപാര മുന്നേറ്റത്തോടെ ഉത്തർ പ്രദേശ് 18% വളർച്ച നേടി. ആകെ വരുമാനം 8,882 കോടി രൂപയാണ്. തെലങ്കാന 15% വളർച്ചയോടെ 5,327 കോടി രൂപ സ്വന്തമാക്കി.

Send your news and Advertisements

You may also like

error: Content is protected !!