‘ക്വാളിറ്റി ഓഫ് ലൈഫിൽ’ (ജീവിതനിലവാര സൂചിക) കോട്ടയം കേരളത്തിൽ ഒന്നാമതെത്തി. ആഗോള സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് (Oxford Economics) ലോകത്തെ പ്രമുഖ 1000 നഗരങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് കോട്ടയം ഈ നേട്ടം സ്വന്തമാക്കിയത്. ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഇൻഡക്സിൽ സാമ്പത്തികം, പരിസ്ഥിതി തുടങ്ങിയ മറ്റ് ഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള മൊത്തത്തിലുള്ള റാങ്കിങ്ങിൽ തൃശൂരാണ് കേരളത്തിൽ മുന്നിൽ.
കഴിഞ്ഞ തവണ ഒന്നാമതായിരുന്ന കൊച്ചിയെ പിന്തള്ളിയാണ് ഇത്തവണ തൃശൂർ ഈ നേട്ടം സ്വന്തമാക്കിയത്. സാമ്പത്തികം (Economics), മനുഷ്യവിഭവശേഷി (Human Capital), ജീവിതനിലവാരം (Quality of Life), പരിസ്ഥിതി (Environment), നഗരഭരണം (Governance) എന്നീ അഞ്ച് പ്രധാന മാനദണ്ഡങ്ങൾ (Pillars) ഒരുമിച്ച് ചേർത്തുള്ള ആകെ സ്കോറിലാണ് (42.2 സ്കോർ) തൃശൂർ മുന്നിലെത്തിയത്. മൊത്തത്തിലുള്ള റാങ്കിൽ തൃശൂരാണ് കേരളത്തിൽ ഒന്നാമതെങ്കിലും ‘ജീവിതനിലവാരം’ (Quality of Life) എന്ന ഒരൊറ്റ മാനദണ്ഡം മാത്രം എടുത്താൽ കോട്ടയമാണ് ഇന്ത്യയിൽ തന്നെ ഒന്നാമത്. ഈ പ്രത്യേക വിഭാഗത്തിൽ ഇന്ത്യയിൽ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളും കേരളത്തിലെ നഗരങ്ങൾക്കാണെന്നത് മറ്റൊരു സവിശേഷതയാണ്.
ജീവിതനിലവാരത്തിന്റെ കാര്യത്തിൽ കേരളത്തിലെ മറ്റ് പ്രമുഖ നഗരങ്ങളായ തിരുവനന്തപുരം, കൊച്ചി, തൃശൂർ എന്നിവയെയും, ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളായ ബെംഗളൂരു (41.3), ഡൽഹി (40.8), മുംബൈ (38.8) എന്നിവരെയെല്ലാം പിന്നിലാക്കാൻ കോട്ടയത്തിന് സാധിച്ചു. ജീവിതനിലവാര സൂചികയിൽ 53.6 സ്കോർ നേടിയാണ് കോട്ടയം ഈ അഭിമാനനേട്ടം സ്വന്തമാക്കിയത്.
നിവാസികളുടെ ശരാശരി വരുമാനം, സാമ്പത്തിക സമത്വം, കുറഞ്ഞ ഭവനച്ചെലവ്, ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ കുറ്റകൃത്യ നിരക്ക്, വിനോദ-വിശ്രമ സൗകര്യങ്ങൾ തുടങ്ങിയ സുപ്രധാന ഘടകങ്ങൾ സമഗ്രമായി വിശകലനം ചെയ്താണ് ഓക്സ്ഫോർഡ് എക്കണോമിക്സ് ഈ സൂചിക തയ്യാറാക്കിയത്. ലോകത്തെ ആകെ നഗരങ്ങളുടെ ഓവറോൾ റാങ്കിങ്ങിൽ കോട്ടയം 696-ാം സ്‌ഥാനത്താണ് സ്‌ഥാനം പിടിച്ചിട്ടുള്ളത്.
ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പ്രകാരം ആഗോളതലത്തിൽ അമേരിക്കയിലെ ന്യൂയോർക്കും, ഇന്ത്യയിൽ രാജ്യതലസ്ഥാനമായ ഡൽഹിയുമാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 1. ന്യൂയോർക്ക് (അമേരിക്ക), 2. ലണ്ടൻ (യുകെ), 3. പാരീസ് (ഫ്രാൻസ്), 4. സിയാറ്റിൽ (അമേരിക്ക), 5. സാൻ ഫ്രാൻസിസ്കോ (അമേരിക്ക), 6. ഡബ്ലിൻ (അയർലൻഡ്), 7. ബോസ്റ്റൺ (അമേരിക്ക), 8. സാൻ ജോസ് (അമേരിക്ക), 9. ടോക്കിയോ (ജപ്പാൻ), 10. സൂറിച്ച് (സ്വിറ്റ്സർലൻഡ്) എന്നിങ്ങനെയാണ് ആദ്യ 10 റാങ്കുകൾ.
ആഗോളതലത്തിലെ മികച്ച 1000 നഗരങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് നൂറോളം നഗരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. എന്നാൽ ആദ്യ 100 റാങ്കിനുള്ളിൽ ഒരു ഇന്ത്യൻ നഗരത്തിനും എത്താനായില്ല. ഇന്ത്യയിൽ ഒന്നാമത് (ആഗോള റാങ്ക് 268) ഡൽഹിയാണ്, രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരു ആഗോള റാങ്കിങ്ങിൽ 311 ആം സ്ഥാനത്താണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈ (ആഗോള റാങ്ക് 330) ആണ് ഇന്ത്യയിൽ മൂന്നാമത്, നാലാം സ്ഥാനത്തു ദക്ഷിണേന്ത്യയിലെ പ്രമുഖ മെട്രോ നഗരമായ ചെന്നൈയാണ് (ആഗോള റാങ്ക് 381), ഐടി ഹബ്ബുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഹൈദരാബാദ് ആണ് ഇന്ത്യയിൽ അഞ്ചാമത് (ആഗോള റാങ്ക് 421) ആറാം സ്ഥാനത്തു പുനെയും (ആഗോള റാങ്ക് 427) ഏഴാം സ്ഥാനത്തു തൃശ്ശൂരും (ആഗോള റാങ്ക് 477) ആണ്.

