മലപ്പുറം: മലപ്പുറം മങ്കടയിൽ നാല് വിദ്യാർഥികൾ ഇടിമിന്നലേറ്റ് മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് വെള്ളില സ്വദേശികളായ ഉറ്റസുഹൃത്തുക്കളായ നാല് വിദ്യാർത്ഥികൾ മരണപ്പെട്ടത്. മങ്കട വെള്ളില സ്വദേശികളായ റഹീസ് (20), ബഹാസ് (18), സിയാദ് (18), ഫഹദ്(19) എന്നിവരാണ് മരിച്ചത്. പന്തല്ലൂർ മലയിലെ കുരങ്ങൻചോല വ്യൂ പോയിൻ്റ് സന്ദർശിക്കാനെത്തിയ കുട്ടികളാണ് ദുരന്തത്തിന് ഇരയായത്.
ഏഴുപേർക്കാണ് ഇന്നലെ കുരുങ്ങൻചോല വ്യൂ പോയിൻ്റിൽ വെച്ച് ശക്തമായ മിന്നലേറ്റത്. ഇതിൽ ആറുപേരെ കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. ഒരാൾ മിന്നലേറ്റ് തെറിച്ച് വീണിരുന്നു. സംഭവത്തിൽ പരിക്കേറ്റ മൂന്ന് പേർ ചികിത്സയിലാണ്. വെള്ളില സ്വദേശികളായ റോഷൻ(20), ഇഷ്ഹാത്(19), സൽമാനുൽ ഫാരിസ്(21) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണംചെയ്തതായാണ് വിവരം.
ഇടിമിന്നലേറ്റ് ഒരു വിദ്യാർത്ഥി പാറയുടെ മുകളിൽനിന്ന് തെറിച്ചുവീണിരുന്നു. ആദ്യഘട്ടത്തിൽ ഈ വിദ്യാർത്ഥി ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോയ വിദ്യാർത്ഥികളിലൊരാളാണ് തങ്ങൾ ഏഴുപേരുണ്ടായിരുന്നതായി നാട്ടുകാരോട് പറഞ്ഞത്. ഇതോടെ പ്രദേശത്ത് വീണ്ടും തിരച്ചിൽ നടത്തിയപ്പോളാണ് ഏഴാമത്തെയാളെയും കണ്ടെത്തിയത്. അട്ടക്കുളം മലയുടെ ഒരു കിലോമീറ്റർ പരിസരത്ത് താമസിക്കുന്നവരാണ് ഈ ഏഴുപേരും. ചൊവ്വാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കളായ ഇവർ മല കയറിയത്. ഏറെനേരം മലമുകളിൽ അവർ അവർ കാറ്റുകൊണ്ടിരുന്നു. യാത്രയുടെ സന്തോഷനിമിഷങ്ങൾക്കിടെയാണ് ദുരന്തം മിന്നിയിറങ്ങിയത്.

