കൊച്ചി: ലഹരി ഉപയോഗിച്ച നടനില്‍നിന്ന് സിനിമാ സെറ്റില്‍ മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തല്‍ നടത്തിയ നടി വിന്‍സി അലോഷ്യസിന് പിന്തുണയുമായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ‘. വിന്‍സി പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് ‘അമ്മ‘യുടെ അഡ്‌ഹോക് കമ്മിറ്റി ഭാരവാഹിയായ ജയന്‍ ചേര്‍ത്തല മാധ്യമങ്ങളോട് പറഞ്ഞു. പുരസ്ക്കാരങ്ങള്‍ക്ക് പരിഗണിക്കുമ്പോള്‍ നടീ നടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവം കൂടി കണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി. അമ്മ’യുടെ അഡ്‌ഹോക് കമ്മിറ്റി യോഗംചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഏത് നടനില്‍നിന്നാണ് ദുരനുഭവം ഉണ്ടായതെന്ന് വിന്‍സി പേര് വെളിപ്പെടുത്തിയിട്ടില്ല, പരസ്യമാക്കാന്‍ ആ കുട്ടിക്ക് ചിലപ്പോള്‍ മടി കാണും, രഹസ്യമായി ഞങ്ങളെ അറിയിച്ചാല്‍ മതി. പേര് തന്നാല്‍ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവും, പരാതി തരണമെന്ന് വിന്‍സിയോട് നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ട്. വിന്‍സിയുടെ ഒരു ചിത്രം ഇപ്പോള്‍ റിലീസാവാന്‍ പോവുകയാണ്. അതിനെ ഈ പരാതിയോ വെളിപ്പെടുത്തലുകളോ ബാധിക്കരുത്. അതുകൊണ്ടാണ് ഇപ്പോള്‍ പരാതി തരാത്തത്. കുറച്ചുദിവസത്തിന് ശേഷം തീര്‍ച്ചയായും വിന്‍സി പരാതി തരും‘- ജയന്‍ ചേര്‍ത്തല കൂട്ടിച്ചേര്‍ത്തു.
ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിട്ടും സിനിമാ സംഘടനകളുടെ നിഷേധാത്മക നിലപാടിനെതിരെ നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിന്‍സി സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നായിരുന്നു ‘അമ്മ‘ നേരത്തെ എടുത്ത നിലപാട്. രേഖാമൂലം വിന്‍സി പരാതി നല്‍കിയിട്ടില്ലെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. അതേസമയം, വിന്‍സി നിയമനടപടിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് ഡബ്യൂസിസി ഡബ്യൂസിസി അറിയിച്ചിരുന്നു.
ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ മറ്റൊരു വീഡിയോ കൂടി പോസ്റ്റ് ചെയ്തിരുന്നു. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്‍റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. “ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യ കഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി. സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു.അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലം തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്” എന്നാണ് വിന്‍സി പറഞ്ഞത്.