ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പരയിലെ മൂന്ന് മാച്ചുകളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഹൈദരാബാദില്‍ നടന്ന മൂന്നാം ടി20-യില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ്‍ നേടിയത്. മലയാളി താരം സഞ്ജു സാംസണും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തീര്‍ത്ത വെടിക്കെട്ട് ബാറ്റിങ്ങിനെ തുടര്‍ന്ന് ബംഗ്ലാദേശിന് പൊരുതി നോക്കാന്‍ പോലും കഴിയാത്ത കണക്കിലേക്ക് സ്‌കോര്‍ എത്തിയത്. സഞ്ജു സാംസണിന്റെ (47 പന്തില്‍ 111) ക്ലാസും മാസും ചേര്‍ന്ന സെഞ്ചുറി, സൂര്യകുമാര്‍ യാദവിന്റെ (35 പന്തില്‍ 75) തകര്‍പ്പന്‍ ഇന്നുംഗ്‌സുമാണ് ഇന്ത്യക്ക് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് 7 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്.
മൂന്നാം മാച്ചിലും വിജയം നേടിയതോടെ പരമ്പര ഇന്ത്യന്‍ യുവ നിര തൂത്തുവാരി. ടി20-യിലെ ആദ്യ സെഞ്ച്വറി തികച്ച സഞ്ജു സാംസണാണു കളിയിലെ താരം. നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിലും എല്ലാ ഇന്നിംഗ്‌സുകളും തോറ്റാണ് ബംഗ്ലദേശ് മടങ്ങുന്നത്.