ന്യൂഡൽഹി: കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ചേലക്കര, പാലക്കാട്, വയനാട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 13-ന് നടക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 18-ന് പുറപ്പെടുവിക്കും. 25 വരെ നോമിനേഷൻ സമർപ്പിക്കാം. 28-ന് സൂക്ഷ്മ പരിശോധന. 30 വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. മഹാരാഷ്‌ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു.
India Election 2024: More Details >>
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം. എൽ. എ ഷാഫി പറമ്പിലും ചേലക്കര എം. എൽ. എയും മന്ത്രിയുമായിരുന്ന കെ. രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
വയനാട്, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. വയനാട് ലോക് സഭാ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിക്കും. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും മത്സരിപ്പിക്കാൻ തീരുമാനിച്ചു. കോൺഗ്രസിന് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഒരുങ്ങി എൽഡിഎഫും ബിജെപിയും. ചേലക്കരയിൽ യു. ആർ. പ്രദീപും പാലക്കാട് ബിനിമോളും സിപിഎമ്മിന്റെ അന്തിമ പരിഗണനയിൽ ആണ്. 17-ന് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.
Kerala Election More Details >>
പ്രിയങ്കാഗാന്ധി ആദ്യമായി മത്സരരംഗത്തേക്ക് എത്തുന്നുവെന്ന പ്രത്യേകതയാണ് വയനാട് ഉപതിരഞ്ഞെടുപ്പിനുള്ളത്. കഴിഞ്ഞ തവണ രാഹുൽഗാന്ധിക്ക് ലഭിച്ചതിനേക്കാൾ വോട്ടുകൾ നേടുക എന്നതാണ് യുഡിഎഫിന് മുന്നിലുള്ള വെല്ലുവിളി. വയനാട് രണ്ടാം വീടെന്ന് പറഞ്ഞ രാഹുൽഗാന്ധി മണ്ഡലം വിട്ടൊഴിഞ്ഞതാണ് ഇടതുമുന്നണിയുടെ പ്രധാന പ്രചാരണായുധം. വോട്ടുവിഹിതം ഉയർത്തുക എന്ന ദൗത്യമാണ് ബിജെപിയ്ക്ക് മുന്നിലുള്ളത്.
മൂന്ന് മുന്നണികൾക്കും അഭിമാന പോരാട്ടമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ്. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ ജനം സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ ഇടതുമുന്നണിക്ക് ജയം അനിവാര്യമാണ്. തൃശൂരിലെ ജയത്തിന് പിന്നാലെ കരുത്ത് തെളിയിക്കാനുള്ള സുവർണ്ണാവസരമായാണ് പാലക്കാടിനെ ബിജെപി കാണുന്നത്. സീറ്റ് നിലനിർത്താനാകുമെന്ന് ഉറച്ച് വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർഥി ആയി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. സി കൃഷ്ണകുമാർ ഇത്തവണയും ബിജെപി സ്ഥാനാർഥിയാകാനാണ് കൂടുതൽ സാധ്യത. ശോഭ സുരേന്ദ്രനെ നിർത്തണം എന്നു ബി ജെപിയിൽ ഒരു വിഭാഗം ആവിശ്യപെടുന്നുണ്ട്.
ചേലക്കരയിലും കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. ഇടതു കോട്ടയായ ചേലക്കരയിൽ യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താമെന്നാണ് സിപിഐ എം കണക്കുകൂട്ടൽ. രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനാണ് കോൺഗ്രസ് നീക്കം. പ്രാദേശികമായി സ്വാധീനമുള്ള കെ ബാലകൃഷ്ണനിലൂടെ കടുത്ത മത്സരം സൃഷ്ടിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികളും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ 20 -ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒറ്റഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. 23-നാണ് വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബർ 22-ന് പുറപ്പെടുവിക്കും. 29 വരെ നോമിനേഷൻ സമർപ്പിക്കാം. 30-ന് സൂക്ഷ്മ പരിശോധന. നവംബർ നാല് വരെ നാമനിർദ്ദേശ പത്രിക പിൻവലിക്കാം. 288 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
Maharashtra Assembly Election: More Details >>
ഝാർഖണ്ഡിൽ രണ്ട് ഘട്ടമായാകും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടത്തിൽ 42 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ഒന്നാം ഘട്ട വോട്ടെടുപ്പ് നവംബർ 13-നും രണ്ടാം ഘട്ടം 20-നും നടക്കും. 23-നാണ് ഝാർഖണ്ഡിലെയും വോട്ടെണ്ണൽ.
Jharkhand Assembly Election: More Details >>