കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പിതാവ്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് മരിച്ചത്. രണ്ട് വർഷ മുമ്പ് നിസാറിന്‍റെ ആദ്യത്തെ കുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചത്. 14 ദിവസമായിരുന്നു അന്ന് കുഞ്ഞിന്റെ പ്രായം. നിസാറിന്റെ ഭാര്യവീട്ടില്‍ വച്ചാണ് രണ്ട് കുഞ്ഞുങ്ങളും മരണപ്പെട്ടത്. ഇതോടെയാണ് അസ്വാഭാവികത ചൂണ്ടിക്കാട്ടി നിസാർ ടൗൺ പൊലീസിൽ പരാതി നൽകിയത്. നിസാറിന്റെ ഭാര്യയുടെ വീട് കുറ്റിച്ചിറയാണ്.
ഇന്നലെ രാത്രിയാണു രണ്ടാമത്തെ കുട്ടി മരിച്ചത്. തൊണ്ടയിൽ അടപ്പ് കുടുങ്ങിയതിനെ തുടർന്നു കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടാഴ്ച മുൻപു കുട്ടി ഓട്ടോയിൽനിന്നു വീണപ്പോഴും ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി പരാതിയിൽ പറയുന്നു.