Sunday, May 3, 2026
Home » നാറ്റോയുമായുള്ള അഭിപ്രായ ഭിന്നത: ജർമ്മനിയിൽ നിന്ന് 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് ട്രംപ്
നാറ്റോയുമായുള്ള അഭിപ്രായ ഭിന്നത: ജർമ്മനിയിൽ നിന്ന് 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് ട്രംപ്

നാറ്റോയുമായുള്ള അഭിപ്രായ ഭിന്നത: ജർമ്മനിയിൽ നിന്ന് 5000 യുഎസ് സൈനികരെ തിരികെ വിളിച്ച് ട്രംപ്

by Editor

വാഷിങ്ടൺ: നാറ്റോ സഖ്യകക്ഷിയായ ജർമ്മനിയിൽ നിന്ന് ഏകദേശം 5,000 യുഎസ് സൈനികരെ പിൻവലിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായുള്ള, പ്രത്യേകിച്ച് ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസുമായുള്ള (Friedrich Merz) അഭിപ്രായ വ്യത്യാസമാണ് ഈ തീരുമാനത്തിന് പിന്നിൽ എന്നാണ് സൂചന. ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇറാനെതിരായ അമേരിക്കയുടെ നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു.

നാറ്റോ സഖ്യത്തിന്റെ ഭാഗമായ യൂറോപ്പിലെ ഏറ്റവും വലിയ യു.എസ് സൈനിക കേന്ദ്രമാണ് ജർമ്മനി. 36000 ൽ അധികം യു.എസ് സൈനികരാണ് ജർമ്മനിയിൽ ഉള്ളത്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക അപമാനിക്കപ്പെടുകയാണെന്നും കൃത്യമായ യുദ്ധതന്ത്രം അമേരിക്കക്കില്ലെന്നും ജർമ്മൻ ചാൻസലർ മെർസ് വിമർശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ട്രംപിന്റെ ഈ നടപടി. യുദ്ധത്തിൽ നിന്ന് പിന്മാറാൻ യു.എസ് എന്ത് തന്ത്രമാണ് സ്വീകരിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന ജർമ്മൻ ചാൻസലർ മെഴ്‌സിൻ്റെ വിമർശനവും ട്രംപിനെ പ്രകോപിതനാക്കിയിരുന്നു. ഇറാനുള്ള സ്വാധീനം പലരും കുറച്ചുകാണുകയായിരുന്നെന്നും ഇറാനികൾ നമ്മൾ കരുതിയതിനേക്കാൾ ശക്തരാണെന്നും നിലവിലെ സംഘർഷങ്ങൾക്കിടയിലും അവർ വളരെ സമർഥമായാണ് ചർച്ചകൾ കൈകാര്യം ചെയ്യുന്നതെന്നും മെഴ്‌സ് അഭിപ്രായപ്പെട്ടിരുന്നു. ഇതും ട്രംപിനെ പ്രകോപിപ്പിച്ചതായാണ് വിവരം.

ട്രംപിന്റെ തീരുമാനം നാറ്റോ സഖ്യവുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കാൻ നാറ്റോ സഖ്യകക്ഷികളോട് ട്രംപ് അഭ്യർഥിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ ഭാഗമാകാനില്ലെന്ന നിലപാടാണ് നാറ്റോ രാജ്യങ്ങൾ സ്വീകരിച്ചത്. അതേസമയം ജർമ്മനിയിലും യൂറോപ്പിലും ആകെയുള്ള യു.എസ് സൈനിക സാന്നിധ്യം യുഎസിന്റെയും യൂറോപ്പിന്റെയും താൽപര്യങ്ങളുടെ ഭാഗമാണെന്ന് ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പറഞ്ഞു. യൂറോപ്പിൽ നിന്ന് യു.എസ് സൈനികരെ പിൻവലിക്കുമെന്നത് തങ്ങൾ മുൻകൂട്ടി കണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്യൻ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധത്തിനായി കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് ഈ നീക്കം വ്യക്തമാക്കുന്നതെന്ന് നാറ്റോ വക്താവ് പ്രതികരിച്ചു. സൈനികരെ പിൻവലിക്കുന്നതിനൊപ്പം യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും മേൽ 25 ശതമാനം തീരുവ (Tariff) വർദ്ധിപ്പിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!