ന്യൂ ഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നിയന്ത്രണം താൽക്കാലികമായി ഒരു ഇറാനിയൻ കമ്പനിക്ക് കൈമാറാൻ ഇന്ത്യ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ചബഹാർ തുറമുഖത്തെ പ്രവർത്തനങ്ങൾക്ക് അമേരിക്ക നൽകിയിരുന്ന ഉപരോധ ഇളവ് 2026 ഏപ്രിൽ 26-ന് അവസാനിക്കുകയാണ്. പുതിയ ട്രംപ് ഭരണകൂടം ഈ ഇളവ് നീട്ടിനൽകാൻ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് ഇന്ത്യ ഈ നീക്കം നടത്തുന്നത്.
ഇറാനെതിരെ പ്രഖ്യാപിച്ച ഉപരോധം ട്രംപ് ഭരണകൂടം കഴിഞ്ഞവർഷം ചബഹാർ തുറമുഖത്തിനും ബാധകമാക്കി. തുടർന്ന് ഇന്ത്യയുടെ ആവശ്യപ്രകാരം ഉപരോധ ഇളവ് യുഎസ് നീട്ടി. ഇളവ് കാലാവധി ഞായറാഴ്ച (ഏപ്രിൽ 26) അവസാനിക്കും. നേരിട്ടുള്ള ഉടമസ്ഥാവകാശം ഒഴിവാക്കുന്നതിലൂടെ ഇന്ത്യൻ കമ്പനികൾക്ക് മേൽ ഉണ്ടായേക്കാവുന്ന അമേരിക്കൻ ഉപരോധങ്ങൾ ഒഴിവാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തുറമുഖത്തിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ‘ഇന്ത്യ പോർട്ട്‌സ് ഗ്ലോബൽ ലിമിറ്റഡ്’ (IPGL) തങ്ങളുടെ ഓഹരികൾ ഒരു പ്രാദേശിക ഇറാനിയൻ സ്ഥാപനത്തിന് കൈമാറാനാണ് പദ്ധതിയിടുന്നത്. ഇത് ഒരു താൽക്കാലിക ക്രമീകരണം മാത്രമാണെന്നും, ഉപരോധ ഭീഷണി ഒഴിയുമ്പോൾ തുറമുഖത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനുള്ള വ്യവസ്ഥകൾ ഈ കരാറിൽ ഉണ്ടാവുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും ഇന്ത്യയുടെ താൽപര്യം സംരക്ഷിക്കുന്ന തീരുമാനം എടുക്കുമെന്നുമാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.
ഇന്ത്യയെ സംബന്ധിച്ച് മധ്യേഷ്യയിലേക്കുള്ള ചരക്ക് നീക്കത്തിന് പാകിസ്ഥാനെ ആശ്രയിക്കാതെ ഉപയോഗിക്കാവുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. ചബഹാർ തുറമുഖത്തിൽ ഇതുവരെ 12 കോടി ഡോളറോളം ഇന്ത്യ നിക്ഷേപിച്ചിട്ടുണ്ട്. പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വ്യാപാരം സാധ്യമാകുമെന്നതാണ് ചബഹാറിൻ്റെ പ്രത്യേകത. 2003-ലാണ് ഇന്ത്യ ഇറാന്റെ തെക്കു കിഴക്കൻ തീരത്തുള്ള തുറമുഖം വികസിപ്പിക്കാൻ തുടങ്ങിയത്. 2024-ലാണ് 10 വർഷത്തേക്ക് തുറമുഖ നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യയും ഇറാനും ഒപ്പിടുന്നത്. ചബഹാറിന് സമീപമാണ് പാക്കിസ്ഥാനിൽ ചൈന സജ്ജമാക്കുന്ന ഗ്വാദർ തുറമുഖം.
ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി
പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷഭരിതമായ സാഹചര്യവും വിമാന സർവീസുകളെച്ചൊല്ലിയുള്ള അനിശ്ചിതത്വവും കണക്കിലെടുത്ത് ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഇറാനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഇന്ത്യക്കാർ ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിലവിൽ രാജ്യത്തുള്ളവർ എംബസിയുടെ ഏകോപനത്തോടെ മടങ്ങണമെന്നും എംബസി സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു. പ്രാദേശിക സംഘർഷങ്ങൾ മൂലമുള്ള വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രവർത്തന അനിശ്ചിതത്വങ്ങളും ഇറാനിലേക്കും തിരിച്ചുമുള്ള അന്താരാഷ്‌ട്ര വിമാന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് എംബസി അറിയിച്ചു.
“നിലവിൽ ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും നിയുക്ത കര അതിർത്തി കടന്നുള്ള വഴികളിലൂടെ രാജ്യം വിടാൻ നിർദ്ദേശിക്കുന്നു. ഇത് എംബസിയുമായി ഏകോപിപ്പിച്ചായിരിക്കണം. സഹായത്തിനായി, എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇവയാണ്: +989128109115; +989128109102; +989128109109; +989932179359. ഇമെയിൽ: cons.tehran@mea.gov.in,” എംബസി പറയുന്നു.

