ഹണി റോസിന് പിന്തുണ അറിയിച്ച് അമ്മ സംഘടന. സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും അപഹസിക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ അമ്മ അപലപിക്കുന്നുവെന്നും ഹണി റോസിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാക്കും അമ്മ സംഘടന അഡ്‌ഹോക്ക് കമ്മറ്റി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. വാര്‍ത്ത കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ അംഗവും മലയാള സിനിമയിലെ പ്രമുഖ അഭിനയത്രി കൂടിയായ ‘ കുമാരി ഹണിറോസിനെ’ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനും അതുവഴി സ്ത്രീത്വത്തെയും, അവരുടെ തൊഴിലിനേയും, അപഹസിക്കുവാനും ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങളെ മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇതിനാല്‍ അപലപിച്ചുകൊള്ളുന്നു.
അതോടൊപ്പംതന്നെ പ്രസ്തുത വിഷയത്തില്‍ ‘കുമാരി ഹണി റോസ് നടത്തുന്ന എല്ലാ വിധ നിയമപ്പോരാട്ടങ്ങള്‍ക്കും ‘അമ്മ’ സംഘടന പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും, ആവശ്യമെങ്കില്‍ വേണ്ടുന്ന എല്ലാവിധ നിയമസഹായം നല്‍കുവാന്‍ ഒരുക്കമാണെന്നും മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.
നടിയുടെ പരാതിയിൽ അശ്ലീല കമൻ്റുകൾ പങ്കുവച്ച 30 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വസ്ത്രധാരണത്തിന്റെ പേരിൽ അശ്ലീല പരാമർശം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടി പ്രഖ്യാപിച്ചിരുന്നു. ഹണി റോസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എറണാകുളം സെൻട്രൽ പൊലീസിന്റേതാണ് നടപടി. ഐടി വകുപ്പടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്‍റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി വീണ്ടും ഹണി റോസ് രംഗത്ത് വന്നു, എല്ലാ സ്ത്രീകള്‍ക്കും വേണ്ടി താന്‍ യുദ്ധം പ്രഖ്യാപിക്കുന്നതായി നടി ഹണി റോസ് സമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചു. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ക്രിയാത്മക വിമർശനമുന്നയിക്കുന്നതിൽ വിരോധമില്ല. എന്നാൽ ഇതിനൊരു നിയന്ത്രണം വേണമെന്ന് വിശ്വസിക്കുന്നുവെന്നും ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്കുവേണ്ടി യുദ്ധം പ്രഖ്യാപിക്കുകയാണെന്നും താരം അറിയിച്ചു. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് പൊതുവേദിയിൽ താൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. നിങ്ങളുടെ ചിന്തകൾക്കനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദിയുമല്ല. അഭിനേത്രിയെന്ന നിലയിൽ താൻ ക്ഷണിക്കപ്പെടുന്ന ചടങ്ങുകളിലേക്ക് പോകുന്നു എന്നുള്ളത് തന്റെ ജോലിയുടെ ഭാഗമാണ്. താൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് വിമർശിക്കുന്നതിൽ വിരോധമില്ല, പക്ഷെ വിമർശനങ്ങളിൽ അസഭ്യ-അശ്ലീല പരാമർശങ്ങൾ ഉണ്ടായാൽ ഇന്ത്യൻ നിയമമനുസരിച്ച് സ്ത്രീക്ക് ലഭ്യമായ എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങളുടെ നേരെ വരിക തന്നെ ചെയ്യുമെന്നും ഹണി റോസ് വ്യക്തമാക്കി.
അശ്ലീല-അസഭ്യ പരാമർശങ്ങൾ നടത്തുന്നവർക്കെതിരെ നിയമപരമായി പോരാടുമെന്ന് പ്രഖ്യാപിച്ച ഹണി റോസിന്റെ നിലപാടിനെ അനുകൂലിച്ചും പിന്തുണച്ചുമുള്ള നിരവധി പോസ്റ്റുകളിൽ രാഷ്‌ട്രീയ നിരീക്ഷകൻ റുടെ പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. “പ്രത്യേക വസ്ത്രധാരണം നിഷ്കർഷിക്കപ്പെടാത്ത ഏതു സ്ഥലത്തും എന്തു വസ്ത്രം ധരിച്ച് എത്തണമെന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. നിയമവിരുദ്ധമല്ലാത്ത വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ച് പൊതുസമൂഹത്തിന് അഭിപ്രായം പറയേണ്ട കാര്യം പോലുമില്ല. അങ്ങനെയൊരു സ്ത്രീയെ കുറിച്ച് സൈബർ കടന്നലുകൾ കമന്റിട്ട് ബോഡി ഷെയ്മിംഗ് നടത്തി സന്തോഷം കണ്ടെത്തുമ്പോൾ ചില ബിസിനസ് ഊളേഷുമാർ ആ കൊള്ളരുതായ്മ പരസ്യമായി വിളിച്ചു പറയുന്നു. കേസെടുക്കുക തന്നെയാണ് പരിഹാരം. പരാതി കൊടുക്കുമ്പോഴും കേസെടുക്കുമ്പോഴും കടന്നലുകൾ മാത്രം അതിൽ ഉൾപ്പെട്ടാൽ പോരാ, മേൽപറഞ്ഞ ഊളേഷുമാരും ഉൾപ്പെടണം എന്നുമാത്രം. “ എന്നായിരുന്നു ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചത്.
ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചതിന് ശേഷവും അശ്ലീല പരാമർശം ആവർത്തിക്കുന്നതും അതൊരു ഐഡൻ്റിറ്റിയായി കൊണ്ടു നടക്കുന്നതും വളരെ മോശമാണെന്ന് ഹണി റോസിലെ പിന്തുണച്ച് നടൻ ആസിഫ് അലി പറഞ്ഞു.