സ്റ്റോക്ക്‌ഹോം: സ്വീഡനിലെ ക്യാമ്പസിൽ ഉണ്ടായ വെടിവെയ്പ്പില്‍ 10 മരണം. ഓറെബ്രോ നഗരത്തിലെ പഠനകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതു. സ്റ്റോക്ക്‌ഹോം നഗരത്തിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഓറെബ്രോ. 20 വയസ്സു പിന്നിട്ടവരും കുടിയേറ്റക്കാരും പഠിക്കുന്ന ക്യാംപസ് റിസ്ബെർഗ്സ്കയിലാണ് വെടിവയ്പുണ്ടായത്. അക്രമിയെയും മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. നിലവില്‍ കൊലപാതകം, വെടിവെപ്പ്, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യം എന്നിവ പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒറെബ്രോയിലെ റിസ്ബെർഗ്സ്കയിലെ ക്യാമ്പസിലുണ്ടായ വെടിവെപ്പ് രാജ്യ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമാണെന്ന് സ്വീഡന്‍ പ്രധാനമന്ത്രി ഉല്‍ഫ് ക്രിസ്റ്റെര്‍സ്സണ്‍ പറഞ്ഞു. ആക്രമണത്തെക്കുറിച്ചുള്ള മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്നും ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ആക്രമണമെന്നാണ് കരുതുന്നതെന്നും പ്രാദേശിക പൊലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് പറഞ്ഞു. ഇനി ആക്രമണമുണ്ടാകില്ലെന്ന് പറഞ്ഞ പൊലീസ് മേധാവി ക്യാമ്പസിലുണ്ടായ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.