റിയാദ്: ഗാസ മുനമ്പിലെ പലസ്തീനികളെ അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനുള്ള എല്ലാവിധ പിന്തുണയും രാജ്യം നല്‍കുമന്നെ് സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. കൂടാതെ, മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിനും മാനവിക സഹായം ശക്തിപ്പെടുത്തുന്നതിനും സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തില്‍ ചൂണ്ടിക്കാട്ടി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ റിയാദില്‍ നടന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെയ്റോയില്‍ നടന്ന അറബ് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരുടെ യോഗം പുറപ്പെടുവിച്ച പ്രസ്താവനയെ സൗദി മന്ത്രിസഭ പിന്തുണയ്ക്കുന്നതായും സൗദി മാധ്യമകാര്യ മന്ത്രി സല്‍മാന്‍ അല്‍ ദോസറി പറഞ്ഞു. ഗാസയില്‍ നിന്ന് പലസ്തീനികളെ നിര്‍ബന്ധിച്ച് കുടിയിറക്കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ടുള്ളതായിരുന്നു ആ പ്രസ്താവന. ഗാസ നിവാസികളെ അയല്‍ രാജ്യങ്ങളിലേക്ക് കുടിയൊഴിപ്പിക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് മറുപടിയെന്നോണമായിരുന്നു അത്.
അതേസമയം, ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും സൗദി മന്ത്രിസഭ ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ കൈവരിക്കേണ്ടതിന്റെയും ഗാസ മുനമ്പില്‍ കൂടുതല്‍ മാനുഷിക സഹായങ്ങളും ആശ്വാസവും എത്തിക്കേണ്ടത് വളരെ പ്രധാനമാണെന്നും സൗദി മന്ത്രിസഭാ യോഗം വ്യക്തമാക്കി. അതിനിടെ സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന സൗദി അറേബ്യയുടെ നിലപാട് അചഞ്ചലവും വിട്ടുവീഴ്ചയ്ക്ക് വിധേയമല്ലാത്തതുമാണെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ വിലപേശലുകള്‍ക്ക് തയ്യാറല്ലെന്നും സൗദി അറേബ്യ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇതുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ ഒരു മാറ്റവുമെല്ലെന്ന് രാജ്യം വ്യക്തമാക്കിയിരിക്കുന്നത്.