വാഷിങ്ടൻ∙ ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ഗാസയെ യുഎസ് ഏറ്റെടുക്കും. അതിന്റെ പുനർനിർമാണവും നടത്തും. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാനും ഞങ്ങൾ തയാറാണ്. തൊഴിലുകളും പുതിയ ഭവനങ്ങളും യുഎസ് ഗാസയിൽ സൃഷ്ടിക്കും. മധ്യപൂർവേഷ്യയുടെ കടൽത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാൻ ഈ ആശയം പങ്കുവച്ച എല്ലാവർക്കും ഇത് വലിയ ഇഷ്ടമായി. ഗാസയുടെ സുരക്ഷയ്ക്കായി യുഎസ് സൈനികരെ അവിടേക്ക് അയയ്ക്കേണ്ടി വന്നാൽ അതും ചെയ്യും’–ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി.
ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവൻ അമേരിക്കയിൽ എത്തുന്നത്. രണ്ടാംഘട്ട വെടിനിർത്തൽ കരാർ അടുത്താഴ്ച ആരംഭിക്കും. അതേസമയം പലസ്തീൻകാർ ഗസ്സ വിടണമെന്ന ട്രംപിന്റെ നിർദേശം ഹമാസ് തള്ളി. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ച കഴിഞ്ഞദിവസം ആരംഭിച്ചതിനു പിന്നാലെയാണു ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. ഇതു ചർച്ചകളെ പ്രതികൂലമായി ബാധിച്ചേക്കും.