ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്. വിവാഹം ഉൾപ്പെടെയുള്ളവ റജിസ്റ്റർ ചെയ്യുന്നതിനായി യുസിസി വെബ്സൈറ്റ് ഉച്ചയ്ക്ക് 12.30-ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് 2022-ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു.
കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി. സുപ്രീംകോടതി മുൻ ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്‍റെ പരിധിയിൽ നിന്നും നിലവിൽ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 2.89% വരുന്ന പട്ടികവിഭാഗക്കാരെ നിയമത്തിന്റെ പരിധിയിൽ പെടുത്തിയിട്ടില്ല. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഒറ്റ നിയമമാകും ഇന്ന് മുതൽ ബാധകമാക്കുക. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയിൽ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് യു സി സിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുടെ പക്ഷം.
ഗോവയിൽ പോർച്ചുഗീസ് ഭരണകാലം മുതൽക്കു തന്നെ ഏക സിവിൽ കോഡ് നിലവിലുണ്ട്. വിവാഹമോചനം, പൈതൃകസ്വത്ത് കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലെല്ലാം ജാതി, മത, സാമുദായിക വേർതിരിവില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ രീതിയിൽ നിയമം ബാധകമാവുന്ന സംവിധാനമാണ് ഏക സിവിൽ കോഡ്.
അതേസമയം യു സി സിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് തുടരുകയാണ്. യു സി സി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തിൽ ആളുകളെ വിഭജിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനായി ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.