തിരുവനന്തപുരത്ത് സ്കൂളിലെ പ്രധാന അധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച കേസിൽ പിറവം സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ മുൻ പിടിഎ പ്രസിഡൻറ് ബിജു തങ്കപ്പൻ, നിലവിലെ പിടിഎ പ്രസിഡൻറ് പ്രസാദ്, ആറ്റിങ്ങൽ സ്വദേശി രാകേഷ്, പിറവം സ്വദേശി അലേഷ് എന്നിവരെ വിജിലൻസ് സംഘം പിടികൂടി.
ഈ അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുള്ള പരാതികള്‍ പിൻവലിക്കാൻ 15 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ട്. പണം നൽകിയില്ലെങ്കിൽ അധ്യാപകന്റെ പെൻഷൻ അടക്കം ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി.
അധ്യാപകനോട് തിരുവനന്തപുരത്ത് എത്തി പണം കൈമാറാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിനെ സമീപിച്ച് പരാതി നൽകിയതിനെ തുടർന്ന്, വെഞ്ഞാറമൂട് ഇന്ത്യൻ കോഫി ഹൗസിൽ നടത്താനിരുന്ന പണമിടപാട് സമയത്ത് വിജിലൻസ് സംഘം ഇടപെട്ട് പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്നുള്ള അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രതികളെ എറണാകുളത്തേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.