ടെൽഅവീവ്: ശനിയാഴ്ചയ്ക്കുമുമ്പ് ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ബെഞ്ചമിൻ നെതന്യാഹു. ബന്ദികൈമാറ്റം നീട്ടിവച്ചാൽ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ അത് തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ ബന്ദി കൈമാറ്റത്തിനില്ലെന്നാണ് ഹമാസിൻ്റെ നിലപാട്.
അവശേഷിക്കുന്ന ബന്ദികളെക്കൂടി ശനിയാഴ്ച ഉച്ചയോടെ ഗാസയില്‍നിന്ന് വിട്ടയക്കാതിരിക്കുന്നപക്ഷം, ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ വിഷയവുമായി ബന്ധപ്പെട്ട് താന്‍ പറയുന്നത് സ്വന്തം നിലപാടാണെന്നും ഇസ്രയേലിന് അതിനെ മറികടക്കാവുന്നതാണെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇസ്രയേലികളായ ബന്ദികളെ മോചിപ്പിക്കുന്നത് ഹമാസ് നിർത്തിവെച്ചിരുന്നു. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു ഹമാസിൻ്റെ നടപടി. അതേസമയം, ഹമാസിന്‍റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്‍റെ സമ്പൂർണ്ണ ലംഘനമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞു. എന്തിനും തയ്യാറായി നിൽക്കാൻ സൈന്യത്തിന് ഇസ്രയേൽ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി പത്തൊന്‍പതാം തീയതിയാണ് ഇസ്രയേല്‍ -ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വരുന്നത്. ഇതിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ അഞ്ചുസംഘത്തെ മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി ഇസ്രയേലിന്റെ പിടിയിലായിരുന്ന നൂറുകണക്കിന് പലസ്തീനികള്‍ക്കും മോചനം ലഭിച്ചിരുന്നു.
അതേസമയം, വൈറ്റ് ഹൗസിൽ ട്രംപ് ജോർദാൻ രാജാവ് കൂടിക്കാഴ്ച തുടങ്ങി. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ മാറ്റിപ്പാർപ്പിക്കരുതെന്ന തന്റെ രാജ്യത്തിന്റെ നിലപാട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കൂടികാഴ്ചയിൽ അറിയിച്ചെന്ന് ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ പറഞ്ഞു.