കൊച്ചി: ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കുന്നത് സര്‍ക്കാരും സി.പി.എമ്മുമാണെന്നും അപ്രമാധിത്യമുള്ള കാമ്പസുകളില്‍ എസ്.എഫ്.ഐ. ലഹരിയുടെ ഏജന്റുമാരാകുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഗുണ്ടകളും ക്രിമിനലുകളും ലഹരി മാഫിയയും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഭയപ്പാടിലാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്കും കോളജിലേക്കും അയയ്ക്കുന്നതെന്നും ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ഒരു സര്‍ക്കാര്‍ ഏജന്‍സിയും ശ്രമിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. പൊലീസിനോ എക്സൈസിനോ ഇത്തരം കാര്യങ്ങളിൽ നിയന്ത്രണമില്ലെന്നും അപകടകരമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷമെന്നും അദ്ദേഹം പറഞ്ഞു.
‘ലഹരി വ്യാപനം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ധിപ്പിക്കുകയാണ്, അക്രമത്തിന്റെ സ്വഭാവം തന്നെ മാറി. കുട്ടികള്‍ക്കിടയിലും ലഹരി വ്യാപിക്കുകയാണ്. ലഹരിവസ്തുക്കൾ ഏറ്റവും സുലഭമായി ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നവരെ മാത്രമാണ് പിടികൂടുന്നത്. ലഹരിയുടെ സ്രോതസ് കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കുട്ടികള്‍ വരെ ഡ്രഗ് പാര്‍ട്ടികള്‍ നടത്തുകയാണ്. ഒറ്റുകൊടുക്കുന്ന കേസുകള്‍ മാത്രമാണ് പിടിക്കപ്പെടുന്നത്. ബോധവത്ക്കരണം ജനങ്ങള്‍ക്കിടയില്‍ ഒരു ചലനവും ഉണ്ടാക്കിയിട്ടില്ല. ക്യാംപസുകളിലെല്ലാം റാഗിങ് ആണ്. ലഹരിയുടെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ ഒരു ഭാഗത്ത് എസ്എഫ്ഐ ആണ്. എസ്എഫ്ഐ നേതാക്കൾക്ക് ലഹരി ഉപയോഗിക്കാനും വെള്ളമടിക്കാനും പൈസ കൊടുത്തില്ലെങ്കിൽ ക്രൂരമായ റാഗിങ്ങാണ്. സിദ്ധാർഥന് സംഭവിച്ചതും അടുത്തിടെ കോട്ടയത്തുണ്ടായതും ഉൾപ്പെടെ ഒരുപാട് സംഭവങ്ങളുണ്ട്.’– സതീശൻ പറഞ്ഞു.
പ്രാദേശിക ലഹരി സംഘങ്ങൾക്ക് സിപിഎമ്മാണ് സംരക്ഷണം നൽകുന്നതെന്നതിനു ആലപ്പുഴ, കൊല്ലം ജില്ലകളിലെ കാര്യങ്ങൾ മാത്രം പരിശോധിച്ചാൽ മതിയെന്ന് സതീശൻ പറഞ്ഞു. കാപ്പാ കേസ് പ്രതികളെ വരെ പാർട്ടിയിലേക്ക് മാലയിട്ട് സ്വാഗതം ചെയ്യുന്നത് മന്ത്രിമാർ അടക്കമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മിന് ഈ കാര്യങ്ങളിൽ രാഷ്ട്രീയ രക്ഷാകർതൃത്വമുണ്ട് എന്നു പറയുന്നതെന്നും സതീശൻ പറഞ്ഞു.