മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ ഒരുക്കിയ ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സെന്‍സറിങ് പൂര്‍ത്തിയായപ്പോള്‍ യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ജനുവരി 23-നാണ് ലോകമെമ്പാടും പ്രദര്‍ശനത്തിന് എത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫേറര്‍ ഫിലിംസ് കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ്.
ചിരിയും ത്രില്ലും ഇടകലര്‍ത്തി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ട്രെയിലര്‍ നൽകുന്നത്. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രം രചിച്ചിരിക്കുന്നത് ഡോ. സൂരജ് രാജന്‍, ഡോ. നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഡിറ്റക്ടീവുകളായി വേഷമിട്ടിരിക്കുന്ന മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവര്‍ക്കൊപ്പം ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട്, ഷൈന്‍ ടോം ചാക്കോ, വാഫ ഖദീജ എന്നിവരും അഭിനയിക്കുന്നു.