ശ്രീനഗർ: ഭീകരവാദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പൊലീസുകാരനെയും അദ്ധ്യാപകനെയും വനംവകുപ്പ് ജീവനക്കാരനേയും ജോലിയിൽ നിന്ന് പുറത്താക്കി. ജമ്മുകശ്മീരിലാണ് സംഭവം. ലെഫ്. ഗവർണർ മനോജ് സിൻഹയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും ലോജിസ്റ്റിക് പിന്തുണയും നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗവർണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിളായ ഫിർദോസ് അഹമ്മദ് ഭട്ട് ആണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ ഒരാൾ. അദ്ധ്യാപകനായ മുഹമ്മദ് അഷ്റഫ് ഭട്ട് ആണ് രണ്ടാമത്തേയാൾ. ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ജീവനക്കാരനായ നിസാർ അഹമ്മദ് ഖാനാണ് മൂന്നാമത്തേത്. പൊലീസുകാരനും അദ്ധ്യാപകനും ലഷ്കർ-ഇ-ത്വായ്ബയ്‌ക്ക് വേണ്ടിയാണ് സഹായങ്ങൾ ചെയ്തിരുന്നു. നിസാർ അഹമ്മദ് ഖാൻ പിന്തുണച്ചിരുന്നത് ഹിസ്ബുൾ മുജാഹിദ്ദീൻ എന്ന നിരോധിത സംഘടനയെ ആയിരുന്നു.