ജോതിഷ് ശങ്കർ സംവിധാനം ചെയ്ത ബേസിൽ ജോസഫ് ചിത്രം പൊന്മാന്റെ ടീസർ റിലീസ് ചെയ്തു. സൂപ്പർഹിറ്റ് ചിത്രം ആവേശത്തിലെ ഏറെ ജനപ്രീതി നേടിയ അമ്പാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സജിൻ ഗോപു ബേസിലിനൊപ്പം ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കളുടെ ക്യാരക്ടർ ടൈറ്റിൽ കൂടെ ഉൾപ്പെടുത്തിയാണ് ടീസർ അണിയറപ്രവർത്തകർ പുറത്തെത്തിച്ചിരിക്കുന്നത്. അജേഷ് എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിക്കുന്നത്. മറിയാനോ എന്ന വേഷത്തിലാണ് സജിൻ ഗോപു എത്തുന്നത്. നർമ്മമുഹൂർത്തങ്ങൾ ഉണ്ടെങ്കിലും പതിവിലും സീരിയസ് ആയ ഒരു കഥാപാത്രത്തെയാണ് ബേസിൽ പൊന്മാനിൽ അവതരിപ്പിക്കുന്നത്.
ജി.ആർ ഇന്ദുഗോപന്റെ ‘നാലഞ്ചു ചെറുപ്പക്കാർ’എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് പൊന്മാൻ നിർമ്മിച്ചിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് സംഗീത സംവിധാനം നിർവഹിക്കുന്ന പൊന്മാന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആർ ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ്. ബേസിലിനും സജിൻ ഗോപുവിനും ഒപ്പം ലിജോമോൾ, ദീപക് പറമ്പോൾ, ആനന്ദ് മന്മദൻ, സന്ധ്യ രാജേന്ദ്രൻ, രാജേഷ് ശർമ തുടങ്ങിയവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.