ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കിയതായി റിപ്പോർട്ടുകൾ. മുഖ്യമന്ത്രി ഭഗവത് മന്നിനൊപ്പം നീങ്ങാനാവില്ലെന്നാണ് എംഎൽഎ മാരുടെ നിലപാട്. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസ് ചർച്ച തുടങ്ങിയിതായിട്ടാണ് റിപ്പോർട്ട്. പാർട്ടിക്കു ഭരണമുള്ള ഏക സംസ്ഥാനമായ പഞ്ചാബിൽ കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാനുള്ള തത്രപ്പാടിലാണ് എഎപി. ദേശീയ കൺവീനർ അരവിന്ദ്‍ കേജ്‌രിവാൾ ചൊവ്വാഴ്ച പഞ്ചാബിലെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.
117 സീറ്റിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തുന്നത്. 28 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്. മുപ്പതോളം എഎപി എംഎൽഎമാരുമായി അടുപ്പം പുലർത്തുന്നുണ്ടെന്നാണു പഞ്ചാബിലെ കോൺഗ്രസ് നേതാക്കളുടെ അവകാശവാദം. പഞ്ചാബിലെ എഎപിയിൽ ഭിന്നിപ്പുണ്ടാകുമെന്നും സർക്കാരിൽ മാറ്റമുണ്ടാകുമെന്നും കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞിരുന്നു. ‘‘ഡൽഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ തുടക്കമാണ്. കേജ്‍രിവാളും ഭഗവന്ത് മാനും വ്യാജ വാഗ്ദാനങ്ങളാണു നൽകിയത്. ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തിൽ കേജ്‌രിവാൾ മത്സരിക്കാൻ സാധ്യതയുണ്ട്. അതുവഴി പഞ്ചാബ് സർക്കാരിന്റെ ഭാഗമാകാനാണു ശ്രമം’’ എന്നാണ് പ്രതാപ് സിങ് ബജ്‌വ പറഞ്ഞത്. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണു കേജ്‌രിവാളിന്റെ നീക്കമെന്നു ബിജെപി നേതാവ് സുഭാഷ് ശർമയും അഭിപ്രായപ്പെട്ടു.