കേരള കോൺഗ്രസ് നേതൃ നിരയിലേക്ക് പി ജെ ജോസഫിന്‍റെ മകൻ അപു ജോൺ ജോസഫ് എത്തുന്നു. അപു ജോൺ ജോസഫ് പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്റർ ആകും. അപുവിനെ പാർട്ടി ഹൈപ്പവർ കമ്മിറ്റിയിലും ഉൾപ്പെടുത്തും നേതൃനിരയിൽ അഞ്ചാമൻ ആയാണ് അപു ജോൺ ജോസഫ് എത്തുന്നത്. കോട്ടയത്തുചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണു തീരുമാനം. പാർട്ടിയുടെ പ്രഫഷനൽ ആൻഡ് ഐടി വിങ്ങിന്റെ ചെയർമാനായിരുന്നു.
തൊടുപുഴയിൽ അപു സ്ഥാനാർഥി ആകും എന്നാ ചർച്ചകൾ സജീവമാകുന്നതിനിടയിൽ ആണ് അപുവിനെ പാർട്ടി നേതൃത്വത്തിൽ എത്തിക്കുന്നത്. ഇതോടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒരു പിൻഗാമി കൂടി. ചീഫ് കോഓർഡിനേറ്ററായിരുന്ന ടി.യു. കുരുവിളയെ ഡപ്യൂട്ടി ചെയർമാനായി തിരഞ്ഞെടുത്തു. ജോണി നെല്ലൂർ രാജിവച്ചു പോയതോടെ ഡപ്യൂട്ടി ചെയർമാൻ സ്ഥാനം ഒഴിവുണ്ടായിരുന്നു. മുൻ മന്ത്രി കെ എം മാണിയുടെ മരുമകൻ എം പി ജോസഫ് ഉൾപ്പെടെ ആറ് പേരെ വൈസ് ചെയർമാന്മാരായും തിരഞ്ഞെടുത്തു. എൻസിപി വിട്ട് കേരളാ കോൺഗ്രസിൽ എത്തിയ റജി ചെറിയാനും വൈസ് ചെയർമാൻ പദവി നൽകിയിട്ടുണ്ട്.
പുതിയ പദവിയിൽ അഭിമാനമെന്ന് അപു ജോൺ ജോസഫ്. യുഡിഎഫിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് അപു ജോൺ ജോസഫ് പ്രതികരിച്ചു. മക്കൾ രാഷ്ട്രീയത്തിൻ്റെ പാതയിലല്ല എൻ്റെ വരവ്. അങ്ങനെയെങ്കിൽ മുമ്പേ ഏതെങ്കിലും സീറ്റിൽ മത്സരിക്കുമായിരുന്നു. പാർട്ടിയിൽ പ്രവർത്തിച്ച് മുന്നോട്ട് വരണമെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു.