Thursday, July 17, 2025
Mantis Partners Sydney
Home » തൃശൂർ പൂരം: ആചാരങ്ങളും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ നടപടി
തൃശൂർ പൂരം

തൃശൂർ പൂരം: ആചാരങ്ങളും സുരക്ഷയും ഉറപ്പാക്കാൻ സർക്കാർ നടപടി

by Editor

തിരുവനന്തപുരം: തൃശൂർ പൂരത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ, ഉത്സവത്തിന്റെ സുരക്ഷയും ആചാരപരിപാലനവും ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കി . മേയ് 6-നാണ് ഈ വർഷത്തെ തൃശൂർ പൂരം.

പ്രധാന നിർദേശങ്ങൾ:

  • സുരക്ഷാ ആക്ഷൻ പ്ലാൻ: ജില്ലാ ഭരണ സംവിധാനത്തിന് മുഴുവൻ സംവിധാനങ്ങളും ഏകോപിപ്പിച്ച് പൂരം നടക്കുന്നത് ഉറപ്പാക്കണമെന്ന് നിർദേശം.
  • വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങൾ: 2024 ഒക്ടോബർ 11-ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള നിബന്ധനകൾ നടപ്പിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ പരിഗണിച്ച്, ജില്ല ഭരണകൂടം പോലീസുമായി ചേർന്ന് പരിശോധന നടത്തും.
  • ആനകളുടെ സുരക്ഷ: പൂരം ചടങ്ങുകളിലേക്കായി ഉപയോഗിക്കുന്ന ആനകളുടെ ലൈസൻസ്, വിശ്രമ സൗകര്യങ്ങൾ, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പുവരുത്തണം.
  • നഗര ശുചിത്വം: നഗരസഭ റോഡുകളുടെ നവീകരണവും മാലിന്യ സംസ്കരണവും ഉറപ്പാക്കുമെന്ന് തൃശൂർ കോർപറേഷൻ.
  • ആരോഗ്യസുരക്ഷ: മെഡിക്കൽ അടിയന്തര സഹായത്തിനായി ആശുപത്രികൾ സജ്ജമാക്കണമെന്ന് നിർദ്ദേശം.
  • അഗ്നിരക്ഷാ മുൻകരുതലുകൾ: തേക്കിൻകാട് മൈതാനത്തും വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും അഗ്നിരക്ഷാ ഉപകരണങ്ങൾ വിന്യസിക്കും.

പൂർവ വർഷങ്ങളിൽ ഉണ്ടായ പാളിച്ചകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ വർഷത്തെ തൃശൂർ പൂരത്തിന്റെ സംഘാടനത്തിൽ പാളിച്ചകൾ സംഭവിച്ചതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മെയ് 6 ന് നടക്കുന്ന ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് മുന്നോടിയായി ഇന്ന് യോഗം ചേർന്നു. പൂരത്തിന് മുൻപ് സുരക്ഷ ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്ന് നിർദ്ദേശം നൽകി. പൂരം നടത്തിപ്പിൽ ഒരു തരത്തിലുമുള്ള അനിശ്ചിതത്വവും വരാൻ പാടില്ലെന്നും, ആചാരപരമായ കാര്യങ്ങൾക്ക് കോട്ടം തട്ടാത്ത വിധത്തിലും സുരക്ഷയിൽ വിട്ടുവീഴ്ച്ച വരാത്ത വിധത്തിലുമായിരിക്കണം പൂരം നടക്കേണ്ടതെന്നും യോഗത്തിൽ കൂട്ടിച്ചേർത്തു.

പൂരം എക്സിബിഷന് വടക്കുംനാഥ ക്ഷേത്രമൈതാനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തറവാടക പ്രശ്‌നം രമ്യമായി പരിഹരിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. നേരത്തെ മുന്നോട്ടുവെച്ച ഒത്ത് തീർപ്പ് വ്യവസ്ഥ കൊച്ചിൽ ദേവസ്വം ബോർഡ് എത്രയും വേഗം ഹൈക്കോടതിയെ അറിയിക്കണം.

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ജില്ലാ ഭരണ സംവിധാനം ഉറപ്പ് വരുത്തണം. സുരക്ഷാ മുൻകരുതലുകൾ, വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങളും കോടതി ഉത്തരവുകളും പാലിക്കപ്പെട്ടുന്നുണ്ടോ എന്ന് ജില്ലാ ഭരണ സംവിധാനം ഉറപ്പാക്കണം. പൂരം ദിവസങ്ങളിൽ വെടിക്കെട്ടു നടത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും എക്സ്പ്ലോസിവ് നടപടികളും സ്വീകരിക്കണം. ലൈസൻസ് ലഭ്യമാക്കുന്നതിനുള്ള പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും ആനകളുടെ വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ പോലീസുമായി ചേർന്ന് ഒരുക്കണം. കഴിഞ്ഞ വർഷം ഉയർന്നുവന്ന ആക്ഷേപങ്ങളും പരാതികളും ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത പാലിക്കണം. ഉത്സവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളുന്നതിന് ജില്ലാ ജാഗ്രത സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം.

ത്യശ്ശൂർ പൂരം വെടിക്കെട്ട് നടത്തുന്നതിന് ആവശ്യമായ ലൈസൻസുകൾ അനുവദിക്കണം. വെടിക്കെട്ട് നിയമാനുസൃതമാണെന്ന് ഉറപ്പ് വരുത്തണം. 2024 ഒക്ടോബർ 11-ന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരമുള്ള നിബന്ധനകൾ നടപ്പിലാക്കാൻ ബുദ്ധിമുട്ടുകളുണ്ടെന്ന് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം പരിഗണിച്ച് പ്രായോഗികമായി ചെയ്യാവുന്നവ സംബന്ധിച്ച് ജില്ലാ ഭരണ സംവിധാനം പോലീസുമായി ചേർന്ന് പരിശോധന നടത്തി ഉചിതമായ നടപടി കൈക്കൊള്ളണം.

പൂരത്തോടനുബന്ധിച്ചുണ്ടാകുന്ന മാലിന്യങ്ങളുടെ ശേഖരണം, സംസ്കരണം, നഗര പ്രദേശത്തെ നഗരസഭാ റോഡുകളുടെ നവീകരണം, ഹോട്ടലുകളിൽ നഗരസഭയുടെ ആരോഗ്യ വിഭാഗം വഴി നടത്തുന്ന പരിശോധനകൾ, തെരുവ് വിളക്കുകളുടെ പരിപാലനം എന്നിവ തൃശൂർ കോർപ്പറേഷൻ ഉറപ്പാക്കണം.

നാട്ടാനകളുടെ ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾ സുപ്രീം കോടതിയുടെ 1.11.2018-ലെ ഉത്തരവ് പ്രകാരം ലഭ്യമാക്കുന്നതിൽ കാലതാമസമുണ്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇത് പരിശോധിച്ച് അടിയന്തിര നടപടി വനം വകുപ്പ് കൈക്കൊള്ളണം.
പൂരത്തിന്റെ ശോഭ കെടാത്ത വിധത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണം. പൂരത്തിന് ആവശ്യമായ ആനകളെ എഴുന്നള്ളിക്കുന്നതിനും, ആനകളുടെ ഫിറ്റ്നസ്. വിശ്രമം, പൊതുജന സുരക്ഷ എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ പോലീസും ജില്ലാ ഭരണ സംവിധാനവുമായി ചേർന്ന് കൈക്കൊള്ളണം.

പൂരം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ആരോഗ്യരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഡോക്‌ടർമാർ ജീവനക്കാർ, ആംബുലൻസുകൾ എന്നിവ സജ്ജീകരിക്കണം. അടിയന്തിര സാഹചര്യം നേരിടുന്നതിന് ആശുപത്രികൾ സജ്ജമാക്കണം. സർക്കാർ ആശുപത്രികളോടൊപ്പം തൃശ്ശൂർ നഗരത്തിലെ സ്വകാര്യ ആശുപത്രികൾക്കും അലർട്ട് മെസ്സേജ് നൽകുമ്പോൾ കൃത്യമായി പ്രാവർത്തികമാക്കാൻ നിർദ്ദേശം നൽകണം.

വെടിക്കെട്ട് നടക്കുന്ന സ്ഥലത്തും തേക്കിൻകാട് മൈതാനത്തും അഗ്നിരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ആവശ്യത്തിന് ഉദ്യോഗസ്ഥരെയും അഗ്നിരക്ഷാ ഉപകരണങ്ങളും വിന്യസിക്കണം. അപകട സാധ്യതകൾ മുൻകൂട്ടിക്കണ്ട് പൂരത്തിന് മുൻപ് മോക് ഡ്രിൽ നടത്തി കരുതൽ നടപടികൾ സ്വീകരിക്കണം. കഴിഞ്ഞ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ സംഘാടനത്തിൽ പാളിച്ചകൾ ഉണ്ടായതായി പരാതികൾ ഉയർന്നിരുന്നു. ഇത്തവണ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേവസ്വങ്ങളും അധികാരികളും ജാഗ്രത പുലർത്തണമെന്നും നിർദേശം നൽകി.

Send your news and Advertisements

You may also like

error: Content is protected !!