തിരുവനന്തപുരം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റുന്ന രീതിയിൽ പുതിയ ടെര്‍മിനല്‍ നിർമ്മിക്കുന്നു. ശ്രീപദ്മനാഭന്റെ മണ്ണിലേക്ക് നന്മയുടെ കവാടം (ഗേറ്റ്വേ ഒഫ് ഗുഡ്‌നസ്) എന്ന രീതിയിലാണ് ‘അനന്ത’ ടെര്‍മിനല്‍ നിര്‍മ്മിക്കുക. 1300 കോടി രൂപ ചെലവില്‍ പുതിയ ‘അനന്ത’ ടെര്‍മിനല്‍ നിര്‍മ്മാണം ഏപ്രിലില്‍ തുടങ്ങാനാണ് തീരുമാനം. തത്വത്തിലുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതോടെ നിര്‍മ്മാണം തുടങ്ങാനാവുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പബ്ലിക് ഹിയറിംഗുകളടക്കം പൂര്‍ത്തിയാക്കി ആറുമാസത്തിനകം അന്തിമ പാരിസ്ഥിതിക അനുമതി നേടിയാല്‍ മതിയാവും. റണ്‍വേ അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന റീകാര്‍പ്പറ്റിംഗ് പ്രവൃത്തി മാര്‍ച്ച് 29-ന് അവസാനിച്ചാലുടന്‍ ടെര്‍മിനലിന്റെ പണി തുടങ്ങും. പ്രാഥമികനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശംഖുംമുഖത്തെ ആഭ്യന്തര ടെര്‍മിനലിന്റെ നവീകരണ ജോലികളും ഇതോടൊപ്പം നടക്കുന്നു.
1.2 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനാവുന്ന ടെര്‍മിനല്‍ പണിതീരാന്‍ 3 വര്‍ഷമെടുക്കും. അത് കഴിഞ്ഞ് പുതിയ ആഭ്യന്തര ടെർമിനൽ പണി പൂർത്തിയാകുന്നത് വരെ ഇത് ഇൻ്റഗ്രേറ്റഡ് ടെർമിനൽ ആയിരിക്കും. പിന്നെ ഈ വമ്പൻ ടെർമിനൽ, 1.2 കോടി യാത്രക്കാരെ വർഷം കൈകാര്യം ചെയ്യാൻ പറ്റുന്ന അന്താരാഷ്ട്ര ടെർമിനൽ ആയി നിലനിൽക്കും. രണ്ട് നിലകളിലായിരിക്കും പുതിയ ടെര്‍മിനല്‍ വരുന്നത്. വരുന്നതും പോവുന്നതുമായ യാത്രക്കാര്‍ക്കായി ഓരോ നില സജ്ജമാക്കും. മള്‍ട്ടി – ലെവല്‍ -ഇന്റഗ്രേറ്റഡ് ടെര്‍മിനലില്‍ വിസ്തൃതമായ ചെക്ക് ഇന്‍ കൗണ്ടറുകള്‍, എമിഗ്രേഷന്‍-കസ്റ്റംസ്-ഷോപ്പിംഗ് എന്നിവയുണ്ടാവും. യാത്രക്കാര്‍ക്ക് കസ്റ്റംസ്, ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി കാത്തുനില്‍ക്കേണ്ടിവരില്ല. ലോകോത്തര നിലവാരത്തിലുള്ള എയര്‍പോര്‍ട്ട്പ്ലാസ, പഞ്ചനക്ഷത്രഹോട്ടല്‍, കൊമേഴ്‌സ്യല്‍- അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, ഫുഡ്‌കോര്‍ട്ട് എന്നിവയൊരുങ്ങും. ടെര്‍മിനലിന് മുന്നില്‍ നിര്‍മ്മിക്കുന്ന പഞ്ചനക്ഷത്രഹോട്ടലില്‍ 240 മുറികളുണ്ടാവും.
2070 വരെയുള്ള യാത്രാ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ടെര്‍മിനല്‍ വികസനം. പുരാതന ക്ഷേത്രങ്ങളുടെ ശില്പചാരുതയും പുതിയ ടെര്‍മിനലില്‍ കാണാനാവും. ടെര്‍മിനല്‍ നിര്‍മ്മാണത്തിന് പുതിയതായി ഭൂമിയേറ്റെടുക്കല്‍ ആവശ്യമില്ല. നിലവില്‍ അഞ്ചുലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള അന്താരാഷ്ട്ര ടെര്‍മിനല്‍ പണി പൂർത്തിയാകുന്നതോടുകൂടി 18 ലക്ഷം ചതുരശ്രയടിയാവും. റെക്കോർഡ് വേഗത്തിൽ എയർപോർട്ടിൽ യാത്രക്കാർ കൂടുകയാണ്. 2024ൽ ഏതാണ്ട് 50 ലക്ഷം (5 million) യാത്രക്കാർ എയർപോർട്ട് വഴി സഞ്ചരിച്ചു. അതുകൊണ്ട് തന്നെ എയർപോർട്ട് വികസനം എത്രയും വേഗം നടപ്പിലാക്കാനാണ് തീരുമാനം.