117
കൽപറ്റ: ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ. സി ബാലകൃഷ്ണൻ എംഎൽഎ അറസ്റ്റിൽ. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി എംഎൽഎയെ ചോദ്യം ചെയ്തി വരികയായിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണകുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി. നേരത്തെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥൻ എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു.