ന്യൂഡൽഹി: കോണ്‍ഗ്രസിനു തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റു വഴികളുണ്ടെന്ന് ശശി തരൂര്‍ എംപി. നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന തരൂർ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതെന്നും ശശി തരൂർ പറഞ്ഞു.
കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂർ അഭിപ്രായപ്പെട്ടത്. സോണി ഗാന്ധിയും, മൻമോഹൻ സിങ്ങും, രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടതു കൊണ്ടാണ് പാർട്ടിയിലെത്തിയത്. പല സ്വതന്ത്ര ഏജൻസികളും നടത്തിയ അഭിപ്രായ സർവേകളിൽ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് ചൂണ്ടിക്കാട്ടുന്നു. തന്റെ കഴിവുകൾ പാർട്ടി വിനിയോഗിക്കണം, തരൂർ പറഞ്ഞു