മണിപ്പുരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജെഡിയു പിൻവലിച്ചു. പാർട്ടിയുടെ ഏക എംഎൽഎ മുഹമ്മദ് അബ്ദുൽ നാസർ നിയമസഭയിൽ ഇനി പ്രതിപക്ഷനിരയിൽ ഇരിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പിൻമാറ്റം മണിപ്പൂർ സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും കേന്ദ്രത്തിനും ബിഹാറിലും പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിൻമാറ്റം ബിജെപിക്കുളള മുന്നറിയിപ്പാണെന്നാണ് വിലയിരുത്തൽ. മണിപ്പുർ വിഷയത്തിൽ ബിജെപി ശക്തമായ നിലപാട് എടുക്കാനുള്ള സന്ദേശമാണ് നിതീഷ് കുമാർ നൽകുന്നതെന്നാണ് സൂചന. പുതിയ നീക്കം ഗവർണർ അജയ് കുമാർ ഭല്ലയെ മണിപ്പുർ ജെഡിയു അധ്യക്ഷൻ കത്തിലൂടെ അറിയിച്ചു.
കോൺറാഡ് സാഗ്മ നിയന്ത്രിക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിയും നേരത്തെ മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഡിയു മണിപ്പൂരിൽ 6 സീറ്റിലാണ് വിജയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷം അഞ്ച് എംഎൽഎമാർ ബിജെപിയിലേക്ക് ചേർന്നു. ഇതോടെ നിലവിൽ ജെഡിയുവിന് ഒരു അംഗം മാത്രമാണുളളത്. നിലവിൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ 37 എംഎൽഎമാരാണ് ബിജെപിക്കുളളത്. ഇതിനൊപ്പം നാഗാ പീപ്പിൾസ് ഫ്രണ്ട് പാർട്ടിയുടെ 5 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപി സർക്കാരിനെ പിന്തുണക്കുന്നു.