ഛത്തീസ്ഗഡിലെ വ്യാപാരത്തിനും നഗര വികസനത്തിനും തുണയാകുന്ന പുതിയ തീരുമാനവുമായി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ. സംസ്ഥാനത്തുടനീളമുള്ള കടകൾ, പാർലറുകൾ, കഫേകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
നിലവിലുള്ള നിയമപരമായ നിയന്ത്രണങ്ങൾ തുടരുമെന്നും, മദ്യശാലകൾ രാത്രി 10 മണിക്ക് അടച്ചിടണമെന്ന വ്യവസ്ഥ നിലനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
സ്ത്രീകൾക്കും രാത്രിയിലും ജോലി ചെയ്യാം
ഇടവേളകളില്ലാതെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാനുള്ള ഈ തീരുമാനത്തോടൊപ്പം, വനിതാ ജീവനക്കാർക്കും അർദ്ധരാത്രിയിലും ജോലി ചെയ്യാനുള്ള അനുമതി സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് കാബിനറ്റ് മന്ത്രി ലഖൻ ലാൽ ദേവാംഗൻ അറിയിച്ചു.
“ഛത്തീസ്ഗഡിന്റെ നഗരങ്ങളെയും വാണിജ്യ കേന്ദ്രങ്ങളെയും മെട്രോ നഗരങ്ങളായി മാറ്റുക എന്നത് നമ്മുടെ ദൗത്യമാണ്. 24 മണിക്കൂർ വ്യാപാരം സാധ്യമാകുന്നത് പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും സാമ്പത്തിക വളർച്ചക്ക് പോഷകമാകുകയും ചെയ്യും,” അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ നടപടികൾ സംസ്ഥാനത്തിന്റെ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നുള്ളതാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.