റായ്പൂർ: ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സംയുക്ത സേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാക്കി റിസർവ് ഗാർഡുകൾ, സിആർപിഎഫ്, കോബ്ര, ഒഡീഷയുടെ പ്രത്യേക ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവയുടെ നേതൃത്വത്തിൽ ആയിരുന്നു തെരച്ചിൽ. ഛത്തീസ്ഗഡിലെയും അയൽ സംസ്ഥാനമായ ഒഡീഷയിലെയും മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിൽ 24 മണിക്കൂറിലേറെയായി വെടിവെയ്പ്പ് തുടരുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ സേനകളുടെ സംയുക്ത സംഘം ജനുവരി 19 ന് രാത്രിയാണ് മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്.
നക്സലിസത്തിനേറ്റ കനത്ത തിരിച്ചടിയാണിതെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ അമിത് ഷാ അഭിനന്ദിച്ചു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.