ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അംഗീകരിച്ചു. 15 മാസം നീണ്ട യുദ്ധത്തിനു വിരാമമിടാനുള്ള വ്യവസ്ഥകളാണ് അംഗീകരിച്ചത്. ഇതിനു പൂർണ മന്ത്രിസഭ അന്തിമ അംഗീകാരം നൽകും. സമ്പൂർണ ക്യാബിനറ്റും ഇക്കാര്യത്തിൽ അനുകൂല തീരുമാനം കൈകൊണ്ടാൽ ഞായറാഴ്ച തന്നെ വെടിനിർത്തൽ യാഥാർത്ഥ്യത്തിലാകും. ഇസ്രായേൽ സർക്കാരിൽ ചില കക്ഷികൾക്ക് വെടി നിർത്തൽ ധാരണയോടു യോജിപ്പില്ല. ഇത് സർക്കാർ തീരുമാനത്തെ സ്വാധീനിക്കില്ല എന്നാണ് പ്രതീക്ഷ. അതേസമയം കരാർ പ്രഖ്യാപിച്ച ശേഷം ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ 113 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ബന്ദികളുടെ ആദ്യസംഘത്തെ ഹമാസ് നാളെ മോചിപ്പിക്കുമെന്നാണു കരുതുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. നാളെ മോചിപ്പിക്കുന്ന 95 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ കൈമാറി. കരാറിനുള്ള തടസ്സങ്ങൾ മാറിയെന്നു ഹമാസും പ്രതികരിച്ചു. മറ്റന്നാൾ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കും മുൻപു കരാർ അന്തിമമാക്കാൻ യുഎസിന്റെ സമ്മർദമുണ്ടായിരുന്നു.